മൂവാറ്റുപുഴ: വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ചു പിതാവ് പോലീസിൽ പരാതി നൽകി. മൂവാറ്റുപുഴ ആനക്കാട്ടിൽ മാർട്ടിനാണ് മകൻ ചെറിയാ (16)ന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു മൂവാറ്റുപുഴ ഡിവൈഎസ്പിക്കു പരാതി നൽകിയത്.
പ്ലസ് വണ്‍ വിദ്യാർഥിയായ ചെറിയാനെ കഴിഞ്ഞ നാലിനു ഉച്ചയോടെ മൂവാറ്റുപുഴയാറിൽ കാണാതാകുകയും അഞ്ചിനു രാവിലെ പുഴക്കരക്കാവ് കടവിനു സമീപത്തുനിന്നു മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവ ദിവസം പകൽ ചെറിയാൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ഉച്ചയോടെ ചിലർ വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോകുകയായിരുന്നെന്നുമാണ് പിതാവ് പരാതിയിൽ പറയുന്നത്.
വീടിനു സമീപമുള്ള മഠത്തിൽക്കടവിൽനിന്നു ചെറിയാന്റെ വസ്ത്രം, ചെരിപ്പ്, മൊബൈൽ ഫോണ്‍, സൈക്കിൾ എന്നിവയും കണ്ടെത്തിയിരുന്നു. നീന്തൽ വശമില്ലാതിരുന്ന ചെറിയാൻ പുഴയിൽ കുളിക്കാൻ പോകാറില്ലെന്നും സംഭവ ദിവസം കുളിക്കുന്നതിനുള്ള യാതൊരുവിധ സാമഗ്രികളും വീട്ടിൽനിന്നു കൊണ്ടുപോയിട്ടില്ലെന്നും പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലെ എച്ച്ആർ മാനേജർ കൂടിയായ പിതാവ് മാർട്ടിനും ആരക്കുഴ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ മാതാവ് ആൻസിയും ആരോപിക്കുന്നു.
ഏതാനും ദിവസങ്ങളായി ചിലർ ചെറിയാനെ തേടി വീട്ടിലെത്താറുണ്ടായിരുന്നതായും ഇവർ പറയുന്നു. സംഭവത്തിൽ വിശദവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.