തിരുവനന്തപുരം: പല ഘട്ടങ്ങളിലായി വിവിധ കാരണങ്ങളാൽ കോൺഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണമെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.
സംസ്ഥാന തലം മുതൽ വാർഡ് തലം വരെ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പാരമ്പര്യവും സംസ്കാരവുമുള്ള നിരവധി നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിൽ വീണ്ടും സജീവമാക്കാൻ കെപിസിസിയും ഡിസിസി കളും ഒരു സമഗ്രപരിപാടി തയ്യാറാക്കണം. ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഒരു മണൽ തരി പോലും പ്രധാനമാണ്.
അവഗണനയുടെ പേരിൽ പെട്ടെന്നുണ്ടായ വൈകാരിക മാനസിക വിക്ഷോഭത്തിലാണ് പലരും കോൺഗ്രസ് വിട്ടത്. 2005 ൽ ഡിഐസിയിൽ ചേർന്ന പലരും രാഷ്ട്രീയം ഉപേക്ഷിക്കുകയാണുണ്ടായത്.
സിപിഎം, ബിജെപി എന്നിവയിൽ ചേർന്ന കോൺഗ്രസുകാർക്ക് അവരുടെ പ്രവർത്തന ശൈലിയുമായി പൊരുത്തപ്പെടാനാവില്ല. കോൺഗ്രസ് സംസ്ക്കാരമുള്ള തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നിവയിൽ അസ്വസ്ഥരായ കോൺഗ്രസുകാർ ചേക്കേറാനുള്ള സാധ്യതയും ഒഴിവാക്കണമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.