കായംകുളം: റംസാനിലെ മുപ്പത് ദിവസം നീണ്ടുനിന്ന വ്രതവിശുദ്ധിയുടെ നാളുകൾക്ക് ഇന്ന് പരിസമാപ്തിയിലെത്തുന്നതോടെ നാളെ വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലായി. ഇന്നലെ ശവ്വാൽ പിറ മാനത്ത് ദർശിക്കാൻ കഴിയാത്തതിനാൽ ഇക്കുറി വിശ്വാസികൾ മുപ്പത് നോന്പും പൂർത്തിയാക്കിയാണ് ചെറിയപെരുന്നാളിനെ വരവേൽക്കുന്നത് എന്ന പ്രത്യേകയും ഉണ്ട്. പെരുന്നാൾ ആഘോഷത്തിന് വിശ്വാസികൾക്കൊപ്പം നാടും നഗരവും അവസാനവട്ട ഒരുക്കത്തിലായി.
പുതു വസ്ത്രങ്ങൾ വാങ്ങാൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആത്മസമർപണത്തിന്റെയും വ്രതാനുഷ്ഠാനത്തിന്റെയും നീണ്ട ദിനരാത്രങ്ങൾക്കുശേഷം ഭക്തിയുടെ നിറവിലാണ് ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ മോടിയും വിശ്വാസത്തിന്റെ വെളിച്ചവുമായി ഓരോ വിശ്വാസിയും ആഘോഷം അവിസ്മരണീയമാക്കും. പ്രാർഥനാമുഖരിതമായ മസ്ജിദുകളിലും ഭവനങ്ങളിലും ’അള്ളാഹു അക്ബർ’ ദൈവമാണ് ഏറ്റവും വലിയ മഹാൻ എന്ന തക് ബീർ ധ്വനികൾ മുഴങ്ങും.
പള്ളികളിലും ഈദ്ഗാഹുകളിലുമായി നാളെ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കുചേരാൻ വിശ്വാസികൾ ഒഴുകിയെത്തും. പെരുന്നാൾ നമസ്ക്കാരത്തിനായി ഈദ് ഗാഹുകൾ സജ്ജമായി കഴിഞ്ഞു. പെരുന്നാൾ നമസ്ക്കാരം കഴിയുന്നതോടെ വീടുകളിലും കുടുംബങ്ങളിലും സന്ദർശനവും ഈദ് സൗഹൃദക്കൂട്ടായ്മകളും നടക്കും. പാവപ്പെട്ടവർക്ക് സന്പത്തിന്റെ ഒരു വിഹിതം നിർബന്ധിതമായി നൽകാറുള്ള ഫിത്വർ സക്കാത്തും പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ അർഹരായവരുടെ വീടുകളിൽ എത്തിച്ചുനൽകും.
കായംകുളം എംഎസ്എം കോളേജ് ഗ്രൗണ്ടിലെ ഈദ് ഗാഹിൽ സമീർ ഫലാഹിയും, കേരള നദ്വത്തുൽ മുജാഹിദീൻ കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവണ്മെൻറ് ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് നാസർ മുണ്ടക്കയവും നേതൃത്വം നൽകും.
കായംകുളം ടൗണ് മസ്ജിദിൽ കെ ജലാലുദീൻ മൗലവി, ഷഹീദാർ മസ്ജിദിൽ യു. താജുദീൻ ബാഖവി, ചുനക്കര തെക്ക് ജൗഫർ സാദിഖ് അൽഖാസിമി, വെട്ടിയാർ ഹിദായത്തുൽ ഇസ്ലാം ജമാഅത്തിൽ ഷഫീഖ് മൗലവി അൽഖാസിമി, വെട്ടിയാർ കിഴക്ക് എ.ആർ താജുദീൻ മൗലവി, കൊല്ലക്കടവിൽ ഹബീബുൾ ഖാസിമി, മാവേലിക്കര മസ്ജിദിൽ അബ്ദുൽ വാഹിദ് മൗലവി, ചുനക്കര വടക്ക് മസ്ജിദിൽ ഇ.എം മൂസാ മൗലവി എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും