മൂവാറ്റുപുഴ: പ്ലസ് വണ്‍ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ചു സ്കൂൾ അധികൃതരും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകി. ആരക്കുഴ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മൂവാറ്റുപുഴ ആനക്കാട്ടിൽ മാർട്ടിന്റെ മകൻ ചെറിയാൻ (16) ആണ് മൂവാറ്റുപുഴയാറിൽ മുങ്ങിമരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു പിതാവ് മാർട്ടിനും മൂവാറ്റുപുഴ ഡിവൈഎസ്പിക്കു പരാതി നൽകിയിരുന്നു.
ചെറിയാനെ കഴിഞ്ഞ നാലിനു ഉച്ചയോടെ മൂവാറ്റുപുഴയാറിൽ കാണാതാകുകയും അഞ്ചിനു രാവിലെ പുഴക്കരക്കാവ് കടവിനു സമീപത്തുനിന്നു മൃതദേഹം കണ്ടെത്തുകയുമായിരുന്നു. നീന്തൽ വശമില്ലാതിരുന്ന ചെറിയാൻ പുഴയിൽ കുളിക്കാൻ പോകാറില്ലെന്നും സംഭവദിവസം കുളിക്കുന്നതിനുള്ള യാതൊരുവിധ സാമഗ്രികളും വീട്ടിൽനിന്ന് കൊണ്ടുപോയിട്ടില്ലെന്നും ഇതേ സ്കൂളിലെ അധ്യാപികകൂടിയായ മാതാവ് ആൻസി പറയുന്നു.
ഇതേത്തുടർന്നാണ് സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുന്നത്.