കോഴിക്കോട്: രാജ്യസഭാ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് ഗ്രന്ഥരചനയിലേക്ക് കടക്കുന്നു. ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാർഥിയായി ചെറിയാൻ ഫിലിപ്പ് വരുമെന്ന സൂചന ഒരു വർഷത്തോളമായി സജീവമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ ചെറിയാൻ ഫിലിപ്പിനു സീറ്റ് നൽകാതിരുന്നത് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതു കൊണ്ടാണെന്നായിരുന്നു ഇടതുക്യാമ്പിൽ നിന്നടക്കമുള്ള വിശദീകരണം.
എന്നാൽ വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജോൺ ബ്രിട്ടാസ്, ടി.ശിവദാസൻ എന്നിവരെ രാജ്യസഭാ സ്ഥാനാർഥികളായി നിശ്ചയിക്കുകയായിരുന്നു. രാജ്യസഭയിലേക്ക് ടിക്കറ്റില്ലെന്ന് വ്യക്തമായതോടെ ഗ്രന്ഥരചനയിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു.
40 വർഷങ്ങൾക്ക് മുമ്പ് ചെറിയാൻ ഫിലിപ് രചിച്ച “കാൽ നൂറ്റാണ്ട്’ എന്ന രാഷ്ട്രീയ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമാണ് പുതുതായി രചിക്കുന്നത്. “ഇടതും വലതും’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പുസ്തകവും കേരളത്തിന്റെ രാഷ്ട്രീയ ചിത്രം പകർത്തുന്നതായിരിക്കും.
ചാരക്കേസ് വിവാദം കൊടുമ്പിരിക്കൊണ്ട കാലത്ത് കരുണാകര പക്ഷത്തോടൊപ്പം കോൺഗ്രസിലായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ പുതിയ ഗ്രന്ഥം വിവാദത്തിനു വഴിവച്ചേക്കുമെന്നും സൂചനയുണ്ട്.
ഇത് രണ്ടാം തവണയാണ് ഇടതുമുന്നണി ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിക്കുന്നത്. നാലു വർഷം മുൻപും അദ്ദേഹത്തെ പരിഗണിച്ചെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.