തിരുവനന്തപുരം: എ.കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വിമർശിച്ചത് തെറ്റെന്ന് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ അഭയം നൽകിയ പിണറായിയെ തള്ളിപ്പറയില്ലെന്നും ചെറിയാൻ പറഞ്ഞു. കോൺഗ്രസിലേക്ക് ക്ഷണിച്ച വീക്ഷണം ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബാല്യം മുതൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു.
ഇക്കാര്യം ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണെന്നും ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ശരീരത്തിലും മനസിലും കറ പുരളാത്തതിനാൽ മരണം വരെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ലെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.