സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് യുട്യൂബ് ചാനലുമായി രംഗത്തെത്തുന്നു. ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ തുടങ്ങുന്ന കാര്യം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചാനൽ ജനുവരി ഒന്നു മുതൽ ആരംഭിക്കും.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഒറ്റക്കണ്ണനാവില്ലെന്നും നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും വ്യക്തമാക്കിയാണ് പുതിയ ചാനൽ സംബന്ധിച്ച് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്.
രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടുമെന്നും പോസ്റ്റിൽ പറയുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാതിരുന്നതിനെ തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്കു മടങ്ങുന്നതിനായി നീക്കം നടത്തുന്നെന്നാണ് അറിയുന്നത്.
ഇതു സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ തുടരുന്നതിനിടെ കേരള സഹൃദയ വേദിയുടെ അവുക്കാദർകുട്ടി നഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിനു സമ്മാനിക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.
ഇത് ചെറിയാൻ കോൺഗ്രസിലേക്കു മടങ്ങുന്നതിന്റെ സൂചനയാണെന്നും പറയപ്പെടുന്നു. അതേസമയം, ഇതു സംബന്ധിച്ച വാർത്തകളെ കുറിച്ചു പ്രതികരിക്കാൻ ചെറിയാൻ ഫിലിപ്പ് തയാറായിട്ടില്ല.