തിരുവനന്തപുരം: അനഭിമതരായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സർക്കാർ ബോധപൂർവം വെട്ടി നിരത്തുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. മന്ത്രിമാരുടെ അവിഹിത ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തവരെ ക്രൂരമായി തരം താഴ്ത്തുന്നു. അമിത വിധേയത്വം പുലർത്തുന്ന അടിമകൾക്കു മാത്രമാണ് ഉയർന്ന സ്ഥാനങ്ങൾ നൽകുന്നത്.
തുടർച്ചയായ സ്ഥാനചലനവും സ്ഥലം മാറ്റവും മൂലം ഉദ്യോഗസ്ഥ സമൂഹമാകെ അസ്വസ്ഥരാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുടെ ചൊൽപ്പടിക്കു നിൽക്കുന്നവർക്കു മാത്രമേ നല്ല സ്ഥാനങ്ങൾ ലഭിക്കൂ. ഇവർ എന്ത് നിയമ വിരുദ്ധ നടപടികൾ സ്വീകരിച്ചാലും സർക്കാർ രക്ഷിക്കുകയും ക്ലീൻചിറ്റ് നൽകുകയും ചെയ്യും.
ഭരണകാര്യത്തെ പറ്റി ഒരു പ്രാഥമിക ജ്ഞാനവുമില്ലാത്ത ചില മന്ത്രിമാരുടെ വകുപ്പുകളിൽ വകുപ്പു സെക്രട്ടറിയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ ആണ് ഭരണം നടത്തുന്നത്.ഐഎഎസ്, ഐപിഎസ് പദവികൾ ലഭിച്ചാൽ സർവ്വജ്ഞരായി എന്നു കരുതുന്ന ചില ഉദ്യോഗസ്ഥർ ദുർബലരായ മന്ത്രിമാരുടെ മേൽ കുതിര കയറുന്നു.
ചില കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും തലപ്പത്ത് പെട്ടിക്കട നടത്താൻ പോലും കഴിവില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതിഷ്ഠിച്ചതിനാൽ പല സ്ഥാപനങ്ങളും നാശത്തിലാണ്. ഉദ്യോഗസ്ഥ പ്രമുഖരെ സർക്കാർ വിധേയരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമായി വേർതിരിച്ചതിനാൽ സിവിൽ സർവീസിലെ ചേരിപ്പോര് രൂക്ഷമാണ്.
ബ്യൂറോക്രസിയിലെ കടുത്ത വിഭാഗീയത മൂലം ഭരണം കുത്തഴിഞ്ഞ നിലയിലാണ്. ആയിരക്കണക്കിന് ഫയലുകൾ തീർപ്പില്ലാതെ സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.