കാസര്‍ഗോഡ്: മുന്‍മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹകസമിതി അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. കബറടക്കം ഇന്നു വൈകുന്നേരം ആറിന് ചെർക്കള ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗളുരു കെഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് വീട്ടിലേക്ക് വന്നത്. ഇന്ന് രാവിലെ എട്ടോടെ ചെർക്കളയിലെ സ്വവസതിയിലായിരുന്നു മരണം.
അരനൂറ്റാണ്ടിലേറെയായി മുസ്ലിംലീഗ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കളം അബ്ദുള്ള തുടര്‍ച്ചയായി 19 വര്‍ഷം മഞ്ചേശ്വരം മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. 1987, 1991, 1996, 2001 തെരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2001 മുതല്‍ 2004 വരെ എ.കെ.ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായിയിരുന്നു.
1972 മുതല്‍ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1984ല്‍ കാസര്‍ഗോഡ് ജില്ല രുപീകരിച്ചപ്പോള്‍ നിലവില്‍ വന്ന ജില്ലാ മുസ്ലീം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായി. 2002 മുതല്‍ 2017 വരെ മുസ്ലീം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റായിരുന്നു.
എസ്ടിയു സംസ്ഥാന പ്രസിഡന്റ്, യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്മാൻ, കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, സുന്നി മഹല്‍ ജില്ലാ പ്രസിഡന്റ്, എംഇഎസ് ആജീവനാന്ത അംഗം, സി.എച്ച്. മുഹമ്മദ് കോയ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് എഡ്യുക്കേഷന്‍ ചെയര്മാന്, കാസര്‍ഗോഡ് മുസ്ലീം എഡ്യുക്കേഷന്‍ ട്രസ്റ്റ് അംഗം, ടി. ഉബൈദ് മെമ്മോറിയല്‍ ഫോറം ജനറല്‍ സെക്രട്ടറി, ചെര്‍ക്കളം മുസ്ലീം ചാരിറ്റബിള്‍ സെന്റര്‍ ചെയര്മാന്, ചെര്‍ക്കള മുഹ്യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, മഞ്ചേശ്വരം ഓര്‍ഫനേജ് ചെയര്മാന്, ന്യൂനപക്ഷക്ഷേമ കോര്പറേഷന് പ്രഥമ ചെയര്മാന്, മുംബൈ- ബംഗളൂരു കെഎംസിസി കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
1942 സെപ്റ്റംബര്‍ 15നു കാസർഗോഡ് ചെര്‍ക്കളയിലെ ബാരിക്കാട് മുഹമ്മദ്ഹാജിയുടെയും ആസ്യമ്മയുടെയും മകനായി ജനിച്ചു. ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള-ബദിയഡുക്ക റോഡിലെ അല്ലാമ ഇക്ബാല്‍ നഗറിലെ ക്രസന്റ് വില്ലയിലാണ് താമസം.
ഭാര്യ: ആയിഷ ചെര്‍ക്കളം (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ്). മക്കള്‍: മെഹ്റുന്നീസ, മുംതാസ് സമീറ (കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം, വനിതാലീഗ് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി), സി.എ. മുഹമ്മദ് നാസര്‍(മിനറല്‍ വാട്ടര്‍ കമ്പനി,സലാല), സി.എ. അഹമ്മദ് കബീര്‍ (എംഎസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: എ.പി.അബ്ദുല്‍ഖാദര്‍ (പൊമോന എക്സ്പോര്‍ട്ടേഴ്സ്, മുംബൈ), അബ്ദുള്‍ മജീദ്(ദുബായ്), നുസ്വത്ത് നിസ(ചാവക്കാട്), ജസീമ ജാസ്മിന്(ബേവിഞ്ച). സഹോദരങ്ങള്‍: ചെര്‍ക്കളം അബൂബക്കര്‍, കുഞ്ഞാമു, ആയിഷ (ബാവിക്കര), ബീവി (ബദിയഡുക്ക), പരേതരായ അബ്ദുള്‍ റഹ്മാന്, അബ്ദുള്‍ ഖാദര്‍ കപാടിയ, അഹമ്മദ്, മമ്മു പുലിക്കുന്ന്, നഫീസ കാപ്പില്‍, കദീജ പൊവ്വല്‍.