പാലക്കാട്: ചെർപ്പുളശേരിയിലെ സിപിഎം ഓഫീസിൽ പീഡനം നടന്നുവെന്ന യുവതിയുടെ പരാതിയും തുടർ വിവാദങ്ങളും കൊടുന്പിരികൊണ്ടിരിക്കെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പോലീസിന് വസ്തുതാപരിശോധന നിർണായകമാകുന്നു. പരാതിക്കാരിയും ആരോപണവിധേയരും അവരവരുടെ മൊഴികളിൽ ഉറച്ചുനിൽക്കുന്നതോടെയാണ് പോലീസിന് ഇനിയുള്ള സമയവും അന്വേഷണവും നിർണായകമായിരിക്കുന്നത്. ഇതോടെ സംഭവത്തിൽ അറസ്റ്റും വൈകിയേക്കും.
സിപിഎം ഓഫീസിൽ വച്ചുതന്നെയാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഇപ്പോഴും പെണ്‍കുട്ടി. പോലീസിന് നൽകിയ പരാതിയിലും ഇന്നലെ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും ഇതേ നിലപാടിൽതന്നെയാണ് പെണ്‍കുട്ടി ഉറച്ചുനിൽക്കുന്നത്.
രഹസ്യമൊഴികളുടെ പകർപ്പുലഭിക്കാൻ പോലീസ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്. പെണ്‍കുട്ടി അവശനിലയിൽ തുടരുന്നതിനാൽ കൂടുതൽ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഷൊർണൂർ ഡിവൈഎസ്പി ടി.എസ്. സിനോജാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം പാർട്ടി ഓഫീസിൽവച്ചു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനതന്നെയാണെന്നാണ് ഏരിയാ കമ്മിറ്റി ഓഫീസ് സമർഥിക്കുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ട ചെർപ്പുളശേരി സ്വദേശി പുത്തനാൽക്കൽ തട്ടാരുതൊടി പ്രകാശനും താൻ പാർട്ടി ഓഫീസിൽവച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പറയുന്നത്.
പാർട്ടി ഓഫീസിൽവച്ച് പ്രകാശൻ നൽകിയ ശീതളപാനീയം കഴിച്ച താൻ ബോധരഹിതയായെന്നും തുടർന്ന് പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. ഇത്തരം ലഭ്യമായ വിവരങ്ങളും പ്രകാശനെ ചോദ്യം ചെയ്തതിലുള്ള സ്ഥലവിവരങ്ങളും തമ്മിലുള്ള വൈരുധ്യമാണ് പോലീസിനെ കുഴക്കുന്നത്.
പ്രകാശൻ ചെർപ്പുളശേരിയിൽ ടൂ വീലർ വർക്ക് ഷോപ്പ് നടത്തിവരികയാണ്. ചെർപ്പുളശേരിയിൽ പഠിക്കുന്ന സമയത്താണ് പെൺകുട്ടി പ്രകാശനുമായി അടുപ്പത്തിലാകുന്നത്. പിന്നീട് മണ്ണൂരിലേക്ക് പെണ്‍കുട്ടിയും കുടുംബവും താമസം മാറുകയായിരുന്നു. ഇതിനിടെ ഗർഭിണിയായ പെണ്‍കുട്ടി പ്രസവിക്കുകയും നവജാതശിശുവിനെ ഉപേക്ഷിക്കുകയും ചെയ്തു.
ഈ കേസിൽ പെണ്‍കുട്ടിയെ കണ്ടെത്തിയതോടെയാണ് പീഡനക്കേസിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായത്. രാവില മുതൽ രാത്രി പത്തുവരെയും സജീവമായ പാർട്ടി ഓഫീസിൽ പീഡനം നടക്കാൻ സാധ്യതയില്ലെന്നും പ്രകാശൻ പാർട്ടിയുമായി അനുഭാവമുള്ള ആളല്ലെന്നും പാർട്ടിയും പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയിലെ മൊഴിയിലും മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലെ വസ്തുതകളും പ്രകാശന്റെ മൊഴികളും നൂലിഴകീറി പരിശോധിച്ചാലേ പോലീസിന് സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കഴിയൂ. ഇതിന്റെ അടിസ്ഥാനത്തിൽമാത്രമേ പ്രകാശന്റെ അറസ്റ്റു നടപടികൾ ഉണ്ടാകൂ എന്ന് പോലീസ് പറയുന്നു.
വേണ്ടിവന്നാൽ കുട്ടിയുടെ ഡിഎൻഎ പരിശോധന ഉൾപ്പടെയുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കും. അതേസമയം അറസ്റ്റു വൈകിപ്പിക്കുന്നത് സിപിഎമ്മിനെ സംരക്ഷിക്കാനുള്ള പോലീസ് നീക്കമാണെന്നാണ് മറ്റു രാഷ്ട്രീയ പാർട്ടികളുടെ ആക്ഷേപം. പാർട്ടി ഓഫീസുകളുമായി ബന്ധപ്പെട്ടുള്ള പീഡനആരോപണങ്ങൾ സിപിഎം സംസ്ഥാന- ജില്ലാ നേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്. പ്രത്യേകിച്ചും ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സമയത്ത്.