മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ : കോടികൾ തന്നാലും ഈ വിദ്യ നമ്മൾ വിൽക്കില്ല. പറയുന്നത് ചെർപ്പുളശ്ശേരി ഷംസുദ്ദീനാണ്. വിദേശ ജാലവിദ്യക്കാരെ പോലും അത്ഭുതപ്പെടുത്തിയ ഗ്രീൻ മാംഗോ ട്രി ട്രിക്കിന്റെ നായകൻ.
കാരണവൻമാർ പരന്പരയായി തന്നതാണിത്. ഇത് വിട്ടൊരു കളിയില്ല….. ഇനി ഷംസുദ്ദീന്റെ ജാലവിദ്യയിലേക്ക്.കാഴ്ചക്കാർ കുറച്ചൊന്നുമല്ല കൂടി നിൽക്കുന്നത്.
അവർക്ക് മുന്പിൽ ചെർപ്പുളശ്ശേരി മുണ്ടിയം പറന്പ് ലക്ഷം വീടു കോളനിയിൽ അടാംതോട്ടുങ്ങൽ ഷംസുദ്ദീൻ ഒരു മാങ്ങയണ്ടി മണ്ണിൽ കുഴിച്ചിട്ടു.അപ്പോൾ സമയം 5.18 ചെടിച്ചട്ടിയിലെ മണ്ണിൽ കുഴികുത്തി മാങ്ങയണ്ടി അതിൽ മൂടിയതിനും വെള്ളമൊഴിച്ചതിനുമെല്ലാം സാക്ഷികളുണ്ട്.
സമയം 5.20 ഷംസുദ്ദീൻ മാങ്ങയണ്ടി മൂടിയ കുട്ട മെല്ലെ എടുത്തുയർത്തി. അത്ഭുതം മാവു മുളച്ചിരിക്കുന്നു. അഞ്ചു മിനിറ്റിനകം ആറിലയും വേരുമുള്ള മാവിൻ തൈ പുതുമണ്ണിന്റെ മണത്തോടെ ഷംസുദ്ദീൻ പറിച്ചെടുത്തു.
ചുറ്റിലുമുള്ളവർക്ക് കാണിച്ചുകൊടുത്തു. സംശയമുള്ളവർ ഇല നുള്ളി മണപ്പിച്ചു. ചിലർ ചവച്ചുനോക്കി. അവരൊക്കെയും സാക്ഷ്യപ്പെടുത്തി. മാന്തളിർ തന്നെ. നഗരത്തിനുള്ളിലെ ഒഴിഞ്ഞ സ്ഥലത്ത് പ്രത്യേകം തയ്യാറാക്കി നാട്ടുകാർ നൽകിയ സ്ഥലത്താണ് ഷംസുദ്ദീൻ പരസ്യമായി മാങ്ങയണ്ടി കുഴിച്ചിട്ടത്.
എട്ടു ദിക്കുകളിൽ നിന്നും നോട്ടങ്ങൾ. ചിലർ ബിൽഡിംഗുകൾക്ക് മുകളിൽ കയറിയും പരിപാടി വീക്ഷിക്കുന്നു. പിന്നെയും തൈ ഷംസുദ്ദീൻ മണ്ണിൽ നട്ടു. കുട്ടകൊണ്ട് മൂടി. പുതപ്പുകൊണ്ട് മൂടിവച്ചു. കുറച്ചുനേരം മാജിക്കിന്റെ മഹത്വം പറഞ്ഞു. കുട്ട പൊക്കിയപ്പോൾ വളർച്ചയെത്തിയ നല്ലോരു തൈമാവ്.
തൂങ്ങിയാടുന്ന മാങ്ങക്കുല കാട്ടി ഷംസുദ്ദീൻ കാണികളെ ആകർഷിച്ചു. ഒരാൾ മാങ്ങ വന്ന് പറിച്ചുനോക്കി. ചുനയിറ്റുന്ന ഉഗ്രൻ കോമാങ്ങ. കത്തികൊണ്ട് പുളി രുചിച്ചു നോക്കി. അത്ഭുതം. മാങ്ങ ഒറിജിനൽ തന്നെ. കേരളത്തിൽ ഈ ഇനം അവതരിപ്പിക്കുന്നയാൾ ഷംസുദ്ദീൻ മാത്രമാണ്.
ഗിന്നസ് ബുക്കിലേക്ക് ഇടം തേടുന്ന ഈ ഇനത്തിന്റെ പേര് ഗ്രീൻ മാംഗോ ട്രീ ട്രിക് എന്നാണ്. അസാധാരണമായ മാജിക്കാണിത് സാക്ഷ്യപത്രം സാക്ഷാൽ ഗോപിനാഥ് മുതുകാടിന്റെ. ബാപ്പ ഹസൻ സാഹിബ്ബാണ് ഷംസുദ്ദീന് ഈ മാജിക് അഭ്യസിപ്പിച്ചത്.
പരന്പരാഗതമായി തെരുവുമാജിക് കൊണ്ട് ഉപജീവനം നടത്തുന്നയാളാണ് ഷംസുദ്ദീൻ. തലമുറകളായി പകർന്നു കിട്ടിയ സിദ്ധിയാണ് മാംഗോ ട്രിക് എന്ന് ഷംസുദ്ദീൻ പറയുന്നു. തന്റെ മക്കളെയും ഈ വിദ്യ അഭ്യസിപ്പിക്കുകയാണന്ന് ഷംസുദ്ദീൻ പറഞ്ഞു.
ഒന്നാംക്ലാസു വരെ മാത്രം പഠിച്ചിട്ടുള്ള ഷംസുദ്ദീന് അതിൽ കുണ്ഠിതമില്ല. സ്കൂളിൽ നിന്നുമുള്ളതിനേക്കാളേറെ പഠിക്കാനുള്ളത് തെരുവിൽ നിന്നാണെന്നാണ് ഷംസുദ്ദീന്റെ അഭിപ്രായം.
പത്തഞ്ഞൂറു കൊല്ലമായി അട്ടാംന്തോട്ടിലെ വംശവൃക്ഷം പാന്പും തലയോട്ടിയും മകുടിയും മാങ്ങയണ്ടിയുമായി തെരുവിലുണ്ട്. പിതാമഹന്മാർ വിദേശരാജ്യങ്ങളിലും മാജിക്കിനു പോയിട്ടുണ്ട്. തെരുവു മാന്ത്രികനാണെന്ന കാര്യത്തിൽ ഷംസുദ്ദീനഭിമാനമാണ്.
പല വിദേശികളും ഷംസുദ്ദീന്റെ ഗ്രീൻ മാംഗോട്രിക്കിന്റെ രഹസ്യം അന്വേഷിച്ചു വന്നിട്ടുണ്ട്. വിദേശ മാഗസിനുകളിലും വാർത്തകൾ വന്നിട്ടുണ്ട്. ഉയർന്ന പ്രതിഫലവും വാഗ്ദാനമുണ്ടായി.
വിദേശികൾക്ക് ഇന്ത്യൻ മാജിക്കിന്റെ രഹസ്യം പറഞ്ഞുകൊടുത്തു ലഭിക്കുന്ന നക്കാപിച്ച തനിക്ക് വേണ്ടെന്നായിരുന്നു ഷംസുദ്ദീന്റെ മറുപടി.
സാക്ഷാൽ ഗോപിനാഥ് മുതുകാടിനും ഷംസുദ്ദീന്റെ മാംഗോ ട്രിക് രഹസ്യം അജ്ഞാതമാണ്. ഇക്കാര്യം അദ്ദേഹവും തുറന്നു സമ്മതിക്കുന്നു.