ചേർത്തല: ഡോക്ടർമാരുടെ ക്ഷാമത്തെ തുടർന്ന് ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിലെ മൂന്നാം വാർഡ് അടച്ചുപൂട്ടി. ആശുപത്രിയിൽ 350 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനു സൗകര്യമുണ്ടെങ്കിലും നിലവിലുള്ളതു 34 രോഗികൾ മാത്രം. മൂന്നാം വാർഡിലെ കട്ടിലുകൾ അടുക്കിവച്ചിരിക്കുകയാണ്. ഇവിടുത്തെ നഴ്സിങ് റൂമും അടച്ചിട്ടിരിക്കുകയാണ്.
നാലും അഞ്ചും വാർഡുകളിൽ ഏതാനും രോഗികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവർ ഡിസ്ചാർജ് ആവുന്നതോടെ ഇതും പൂട്ടും. ഡോക്ടർമാരും നഴ്സിങ് അസിസ്റ്റന്റ്മാരും ഇല്ലാത്തതാണു കാരണമെന്നാണു വിവരം. സാധാരണ പനിയുമായി എത്തുന്നവരെ പരിശോധിക്കുന്നതിനു ഫിസിഷ്യൻ ഇല്ല.
നിലവിൽ ഗൈനക്കോളജി, ഒഫ്താൽമോളജി, മെഡിക്കൽ, സർജറി, ഓർത്തോ, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടർമാരുടെയും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെയും തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഏഴു ഡോക്ടർമാരുടെ കുറവാണ് ആശുപത്രിയിലുള്ളത്.
കൂടാതെ 26 നഴ്സിങ് അസിസ്റ്റന്റ്മാരിൽ ഏഴ് ഒഴിവുണ്ട്. ഒപിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ ഡോക്ടർമാരെ കാണാനാകാതെ നിരാശരായി മടങ്ങുകയാണ്. ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനു കോടിക്കണക്കിനു രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടങ്ങളും ഉപകരണങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണ്. നിത്യേന ആയിരത്തിയഞ്ഞൂറോളം രോഗികൾ ഒപിയിൽ എത്തുന്ന ആശുപത്രിയിൽ പനി ബാധിതരെ ഉൾപ്പെടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുകയാണെന്നും രോഗികൾ പറയുന്നു.