ചേർത്തല: താലൂക്കിൽ രണ്ടുമാസത്തിനിടെ വാഹന അപകടത്തിൽ ആറുപേർ മരിക്കാനിടയായ സംഭവത്തിൽ വേറിട്ട ബോധവത്കരണ പരിപാടിയുമായി മോട്ടോർ വാഹന വകുപ്പ്. ഒട്ടുമിക്ക അപകടങ്ങളിലും ഭാരിച്ച വാഹനങ്ങളിലെ ഡ്രൈവർന്മാരുടെഅശ്രദ്ധ മൂലമായിരുന്നുവെന്ന് മോട്ടോർ വഹന വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ബോധവത്കരണം.
ഒരേ ദിശയിൽ പോകുന്ന ചെറിയ വാഹനത്തിനും ഭാരിച്ച വാഹനത്തിനും ഇടയിൽ രണ്ട് മീറ്റർ അകലം വേണമെന്നാണ് നിയമം. എന്നാൽ അതു പാലിക്കാതെ വരുകയും ചെറിയ വാഹനങ്ങളിൽ തട്ടുന്പോൾ നിയന്ത്രണം വിട്ട് വലിയ വാഹനങ്ങളുടെ അടിയിലേക്കു പോകുന്ന അപകടങ്ങളാണ് കൂടുതലായും നടന്നത്.
ഇങ്ങനെയുള്ള അപകടത്തില്‍പെട്ട ഹെവിവാഹനങ്ങളുടെ ഡ്രൈവർന്മാരായ എഴുപുന്ന വടക്കേ മാനേഴത്ത് അക്ഷയ് (27), തമിഴ്നാട് ഗണപതി പാളയം മീൻകരറോഡ് എ. മുരുകേഷ് (46), ദേശീയപാതനിർമാണ പ്രവർത്തനത്തിനെത്തിയ ടോറസ് ലോറി ഡ്രൈവർ യുപി സ്വദേശി കുമാർ (36) എന്നിവർക്കാണ് ആദ്യഘട്ടമെന്ന നിലയിൽ ക്ലാസ് നടത്തിയത്.
ഹെവി ഡ്രൈവര്‍മാരെ സൈക്കിള്‍ യാത്രക്കാരാക്കി, ഇവർ ചവിട്ടുന്ന സൈക്കിളിനു സമീപം അമിതവേഗതയിൽ ഭാരിച്ച വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥ പറഞ്ഞുമനസിലാക്കി. ഇങ്ങനെ ഇവർക്കുണ്ടാകുന്ന പേടിയും ഭയവും മറ്റുള്ളവർക്കും ഉണ്ടാകുമെന്നാണ് ബോധവത്കരണം കൊണ്ട് ഉദ്ദേശിച്ചതെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് കുമാർ പറഞ്ഞു.
കൂടാതെ നിർബന്ധമായും ലോറികളുടെ വശങ്ങളിൽ ഘടിപ്പിക്കുന്ന ഗ്രില്ലായ (എൽയുപി) ലാറ്റിൽ അണ്ടർ പ്രൊട്ടക്ടർ ഘടിപ്പിക്കുന്ന രീതിയും അദ്ദേഹം വിശദീകരിച്ചു. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശരത് കൃഷ്ണൻ, പി. അനൂപ്, ചേർത്തല കെഎസ്ആർടിസി വെഹിക്കിൾ സൂപ്പർവൈസർ പി.പി. സന്തോഷ് എന്നിവരും പങ്കെടുത്തു.