ചേര്‍ത്തല: ചേര്‍ത്തലയില്‍ നടന്ന ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ടു തീവ്രവാദ ഇടപെടലുണ്ടായോയെന്ന് എന്‍ഐഎ പരിശോധിക്കും. സംഭവുമായി ബന്ധപ്പെട്ട് എട്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ ചേര്‍ത്തല പോലീസ് പിടികൂടിരുന്നു.
വയലാറില്‍ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ചും പിടിയിലായവരെക്കുറിച്ചുമുള്ള വിവരങ്ങളാണ് എന്‍ഐഎ കേരള പോലീസില്‍നിന്ന് ശേഖരിക്കുന്നത്. അതേസമയം, ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഭവസമയത്ത് സ്ഥലത്തുണ്ടായിരിന്നിട്ടും പോലീസ് കാഴ്ചക്കാരായി മാറിയെന്ന് ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നു ചേര്‍ത്തല പോലീസില്‍ അടിയന്തര അഴിച്ചുപണി നടത്തി.
രണ്ടാഴ്ച മുമ്പ് ചേര്‍ത്തലയില്‍നിന്നു സ്ഥലംമാറി ആറ്റിങ്ങലിലേക്കുപോയ ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറിനെ അടിയന്തരമായി തിരിച്ചുവിളിച്ചു. ശ്രീകുമാര്‍ ഇന്നലെ തന്നെ ചേര്‍ത്തല സ്റ്റേഷനില്‍ താത്കാലികമായി ചുമതലയേറ്റു.
രണ്ടു ജീപ്പ് പോലീസ് സംഘത്തിന്റെ മൂക്കിനുതാഴെ നടന്ന സംഘര്‍ഷം തടയാന്‍ കഴിയാതിരുന്നതു സേനയ്ക്കു നാണക്കേടുണ്ടാക്കിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
സംഭവം സംസ്ഥാനമൊട്ടാകെ ചര്‍ച്ചയായതോടെ ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി, എറണാകുളം റേഞ്ച് ഐജിയുടെ ചുമതലവഹിക്കുന്ന കെ.പി. ഫിലിപ്പ്, ജില്ലാ പോലീസ് മേധാവി ജെ. ജയദേവ്, ചേര്‍ത്തല ഡിവൈഎസ്പി വിനോദ്പിള്ള, എറണാകുളം റേഞ്ച് ഇന്റേണല്‍ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
ആയുധങ്ങൾ പിടിച്ചു
കൊലപാതകവുമായി ബന്ധപ്പെട്ടു ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡ് വെളിയില്‍ സുനീര്‍ (39), അരൂക്കുറ്റി ഏഴാം വാര്‍ഡ് ദാരുല്‍സിറ യാസര്‍ (32), വയലാര്‍ നാലം വാര്‍ഡ് മുക്കാത്തു വീട്ടില്‍ അബ്ദുള്‍ ഖാദര്‍ (52), എഴുപുന്ന ആറാം വാര്‍ഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡ് വെളിയില്‍ അന്‍സില്‍ (33), പാണാവള്ളി ആറാം വാര്‍ഡ് വെളിംപറമ്പില്‍ റിയാസ് (38), അരൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് വരേകാട് നിഷാദ് (32), ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡ് വെളിചിറ ഷാബുദ്ദീന്‍ (49) എന്നിവരെയാണ് അറസ്റ്റുചെയതത്.
ഇവരില്നിന്നുംവടിവാളടക്കമുള്ള ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം കൈയില്‍ വയ്ക്കല്‍, സംഘം ചേരല്‍, ഗൂഡാലോചന തുടങ്ങി 12 ഓളം വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നന്ദുകൃഷ്ണന്റെ സംസ്കാരവും നടത്തി. വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചതും. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കലും ആദരാഞ്ജലികളുമായി വീട്ടിലെത്തിയിരുന്നു.
വ്യാപാരസ്ഥാപനങ്ങള്ആക്രമിച്ചതിൽ പ്രതിഷേധം
ചേര്‍ത്തല: ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ചേര്‍ത്തലയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം. നന്ദുകൃഷ്ണയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെയാണ് അക്രമം നടന്നത്.
രാവിലെ 11.30 ഓടെ പടയണിപാലത്തിനു സമീപം പച്ചക്കറിത്തട്ടിനാണ് ആദ്യം തീയിട്ടത്. എസ്ഡിപിഐ പ്രവര്ത്തകന് നഗരസഭ 29-ാം വാര്‍ഡ് ചെറുകണ്ണംവെളിച്ചിറ ഷാഹുദീന്റേതാണ് കട. തുടര്‍ന്ന് സമീപത്തു കനാല്‍ക്കരയിലെ ഇക്കായിസ് കൂള്‍ബാറിനു തീയിട്ടു. നഗരസഭ ഏഴാംവാര്ഡില് സുലേഖ മന്‍സിലില്‍ ഫാസിലിന്റേതാണ് കട.
അര മണിക്കൂറിനുശേഷം ദേശീയപാതയില്‍ ചേര്‍ത്തല എക്സ്-റേ കവലയ്ക്കു സമീപത്തെ ആക്രിക്കടയ്ക്കും തീയിട്ടു. എസ്ഡിപിഐ ഭാരവാഹി സുനീറിന്റേതാണ് കട.
തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ ഒനിയന്‍ ഫുഡ്കോര്‍ട്ട് തല്ലിത്തകര്‍ത്തു. മുന്‍ഭാഗത്തെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. സ്വകാര്യ ബസ്സ്റ്റാന്‍ഡിനു സമീപത്തെ കൂള്‍ബാറും തകര്‍ത്തു. മുനിസിപ്പല്‍ 30-ാം വാര്‍ഡില്‍ കാരിക്കുഴിയില്‍ സിയാദിന്റേതാണ് കട.
പൂത്തോട്ട പാലത്തിനുസമീപം എസ്എം ഫ്രൂട്സിനുമുന്നില് നിര്‍ത്തിയിട്ടിരുന്ന മിനിലോറിയുടെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. നഗരസഭ എട്ടാം വാര്‍ഡില്‍ ചാണിയില്‍ ഷെമീറിന്റെ ഉടമസ്ഥയിലുള്ളതാണ് സ്ഥാപനം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചാണ് ഒരുസംഘം അക്രമം നടത്തിയതെന്നാണ് ആക്ഷേപം.