ചേർത്തല: കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ ഓട്ടോ ഡ്രൈവറെയും യാത്രക്കാരിയെയും ആക്രമിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വയലാർ ഒളതല സ്വദേശികളായ ഓട്ടോ ഡ്രൈവർ രതീഷും യാത്രക്കാരി പുഷ്പകുമാരിയുമാണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ ഒന്പതിന് രാത്രി എട്ടിനു ചേർത്തലയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ വരുന്പോൾ വടക്കേ അങ്ങാടി ജംഗ്ഷനു പടിഞ്ഞാറുള്ള ഇരുവേലിപാലത്തിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുയുവാക്കൾ ഓട്ടോ തടഞ്ഞ് ഇരുവരെയും മർദ്ദിക്കുകയായിരുന്നു.
ചേർത്തല ആശുപുത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ നിന്ന് പോലീസ് മൊഴിയെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അക്രമികൾ സഞ്ചരിച്ച ബൈക്കിന്റെ രജിസ്ട്രേഷൻ നന്പർ ഉൾപ്പെടെ ലഭിച്ചിട്ടും അന്വേഷണം ഉർജിതമാക്കാനോ അക്രമം നടന്ന സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുവാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്.
അക്രമിസംഘങ്ങളെ അമർച്ച ചെയ്ത് ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ ഏക്സിക്യൂട്ടീവ് അംഗം എൻ.എസ് ശിവപ്രസാദ് ആവശ്യപ്പെട്ടു.