ആലപ്പുഴ: ചേർത്തലയിൽ പിഞ്ചുകുഞ്ഞ് മരിച്ചത് മൂക്കും വായും പൊത്തിപ്പിടിച്ചപ്പോഴാണെന്ന് അമ്മ ആതിരയുടെ മൊഴി. കുഞ്ഞു കരഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണ്. കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും ആതിര മൊഴി നൽകി. എന്നാൽ ഈ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
മരിച്ച കുട്ടിക്ക് രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ മുതൽ ആതിര മർദിച്ചിരുന്നുവെന്ന് കുട്ടിയുടെ മുത്തശി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒന്നേകാൽ വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തിൽ ആതിരയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.
കൊലപാതക സമയത്ത് കുട്ടിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. രണ്ടു മാസം മുൻപ് ഭർത്താവിന്റെ അമ്മയെ ആക്രമിച്ച കേസിൽ കുഞ്ഞിനൊപ്പം ആതിര ആറു ദിവസം റിമാൻഡിൽ കഴിയുകയുണ്ടായി. കുഞ്ഞിനെ ഉപദ്രവിച്ചതിന് അമ്മയ്ക്കെതിരെ മുത്തശി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവം കൊലപാതമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ആതിരയെ കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് ഷാരോണിനെയും ഭർതൃ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റംസമ്മതിച്ചത്.
കഴിഞ്ഞ ദിവസം, പുതിയകാവ് കൊല്ലംവള്ളി കോളനി യിലാണ് കുട്ടിയെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.