തുറവൂർ: ചേർത്തലയിൽ നിന്ന് വടക്കൻ മേഖലയിലേക്കുള്ള രാത്രികാല ഓർഡിനറി ബസുകൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദേശീയപാതയിലൂടെയുള്ള ഓർഡിനറി ബസുകളാണ് റദ്ദാക്കിയത്. രാത്രി ഒന്പതിന് ശേഷം എറണാകുളം ഭാഗത്തേക്കുള്ള ഓർഡിനറി സർവീസുകൾ നിർത്തലാക്കിയെന്നാണ് യാത്രക്കാരുടെ പരാതി.
രാത്രി 9.40 നും 10.30 നും ഉണ്ടായിരുന്ന ബസുകൾ ഏറെ നാളായി ഓടുന്നില്ല . ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ മാത്രമാണ് ദേശീയ പാതയിലൂടെ സർവീസ് നടത്തുന്നത്. പ്രധാന സ്റ്റോപ്പുകളിൽ മാത്രം നിറുത്തുന്ന ബസുകളിൽ യാത്ര ചെയ്യുന്നത് ജനങ്ങൾക്ക് വലിയ സാന്പത്തിക നഷ്ടത്തിന് ഇടയാക്കുന്നതായാണ് വിമർശനം.
തങ്കിക്കവല മുതൽ എരമല്ലൂർ വരെയുള്ള പ്രദേശത്തെ യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ദേശസാൽകൃത റൂട്ടായ ഇവിടെ കെഎസ്ആർടിസി ബസുകളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. തോപ്പുംപടി, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള അവസാന സർവീസും കുത്തിയതോട്ടിലെ സ്റ്റേ ബസും സർവീസ് നടത്തുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
കുത്തിയതോട്ടിലെ രാത്രി സ്റ്റേ ബസ് നിലച്ചതിനു പിന്നാലെ പുലർച്ചെ അഞ്ചിന് ആലപ്പുഴക്കുണ്ടായിരുന്ന ആദ്യ സർവീസും നിലച്ചു. ഇതുമൂലം തിരുവനന്തപുരം, ഇന്റർസിറ്റി എക്സ്പ്രസ്, ആലപ്പുഴ ധൻബാദ് എക്സ്പ്രസ് തുടങ്ങിയ ദീർഘദൂര ട്രെയിനുകളിൽ പോകേണ്ട യാത്രക്കാർ അടക്കമുള്ളവർ ആശ്രയിച്ചിരുന്നത് കുത്തിയ തോട്ടിൽ നിന്ന് പുലർച്ചെ ആലപ്പുഴക്ക് പോയിരുന്ന ആദ്യ ബസാണ്.
ഇത് നിർത്തലാക്കിയത് മേഖലയിലെ യാത്ര ദുരിതം കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കിയിട്ടുണ്ട്.