മുഹമ്മ: കലവൂരിലെ പെട്രോൾ പമ്പിൽ നിന്ന് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63 ലക്ഷം രൂപ ബൈക്കിലെത്തി കവർന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.
മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ കുന്നേപ്പാടം വീട്ടിൽ രണവൽ പ്രതാപൻ (28), കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡിൽ മുഹമ്മ പുത്തൻചിറ വീട്ടിൽ ആഷിക്(27) എന്നിവരെയാണ് ആലപ്പുഴ ഡിവൈ എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മോഷണത്തിന് ഉപയോഗിച്ച പൾസർ ബൈക്കും പൊലീസ് പിടിച്ചുടുത്തു.
ഇവരുടെ സഹായികളായ മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും വൈകാതെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12.30ന് കലവൂർ മലബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം.
ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന പമ്പിലെ ജീവനക്കാരൻ പണമടങ്ങിയ ബാഗുമായി ബാങ്കിലേക്ക് പോകുമ്പോൾ ജാക്കറ്റും ഹെൽമറ്റും മാസ്ക്കും ധരിച്ചയാൾ നടന്നുവന്ന് ജീവനക്കാരനെ സൈക്കിളിൽ നിന്ന് തള്ളിയിട്ടശേഷം ബാഗ് കവർന്നു.
ഈ സമയം ജാക്കറ്റും ഹെൽമറ്റും ധരിച്ച മറ്റൊരാൾ ബൈക്കിലെത്തി മോഷ്ടാവിനെയും കയറ്റി ചേർത്തല ഭാഗത്തേക്ക് വേഗത്തിൽ കടന്നു. ഐടിസി കോളനി വഴി മുഹമ്മ വരെ സഞ്ചരിച്ചതായി സിസി ടിവി ക്യാമറകൾ നിരീക്ഷച്ചതിൽ കണ്ടെത്തിയിരുന്നു.
കെ.എൽ 32 എൽ രജിസ്ട്രേഷനിലുള്ള വാഹനമാണെന്ന് തിരിച്ചറിഞ്ഞു. മറ്റ് രജിസ്ട്രേഷൻ നമ്പർ വ്യക്തമല്ലായിരുന്നു. തുടർന്ന് എൽ വിഭാഗത്തിലുള്ള വാഹനങ്ങളുടെ വിലാസം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായ പ്രതികളുടെ സുഹൃത്തിന്റെ വാഹനമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഇതിനിടെ ലഭിച്ച രഹസ്യവിവരത്തിലും ഇതേ ബൈക്ക് പ്രതികൾ സംഭവദിവസം ഉപയോഗിച്ചതായി വിവരം ലഭിച്ചു. തുടർന്ന് ബൈക്കുടമയെ പോലീസ് വിളിച്ച് ചോദ്യം ചെയ്തെങ്കിലും ആദ്യം ഇയാൾ സമ്മതിച്ചില്ല. ബൈക്ക് കസ്റ്റഡിയിൽ എടുത്തപ്പോൾ ഇരുവരും ചേർന്ന് ചേർത്തലയ്ക്ക് പോകാനായി ബൈക്ക് കൊണ്ടുപോയതായി സമ്മതിച്ചു.
തുടർന്ന് പ്രതികളെ കുറിച്ച് വ്യക്തമായി. പലസ്ഥലങ്ങളിലും അന്വേഷിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച ആഷികും ഇന്നലെ രണവൽ പ്രതാപനെയും പോലീസ് അറസ്റ്റു ചെയ്യുകയാ യിരുന്നു.ജീവനക്കാരൻ സൈക്കിളിൽ വരുമ്പോൾ ആഷിക് ജീവനക്കാരനെ തള്ളിയിട്ട് പണം അടങ്ങിയ ബാഗ് തട്ടിപറിച്ചു.
ഈ സമയം രണവൽ പ്രതാപൻ ബൈക്കിൽ എത്തി വടുക്കഭാഗത്തേക്കു പോകുകയായിരുന്നു.കവർന്ന പണം ആഡംബര ചെലവിനായി ഉപയോഗിച്ചു. പ്രതികളെ പെട്രോൾ പമ്പിലും കവർച്ച നടത്തിയ സ്ഥലത്തും എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കി.
പിടികൂടിയവർ മയക്കുമരുന്ന്, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പിടിച്ചുപറിക്കുന്ന പണം മദ്യമയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്.
ഡിവൈഎസ്പി. എൻ. ജയരാജിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി എസ്എച്ച്ഒ രവി സന്തോഷ്, സൈബർ സെൽ എസ്എച്ച്ഒ എ.കെ.രാജേഷ്, മണ്ണഞ്ചേരി എസ്ഐ കെ. ആർ.ബിജു, ബി.കെ.അശോകൻ, മോഹൻ കുമാർ, എ.സുധീർ, എ.അരുൺകുമാർ, കെ.എസ്.ഷൈജു, വി.എസ്.ബിനോജ്, ജോസഫ് ജോയി, പി.ബി. ജഗദീഷ്, സി.പി.പ്രവീഷ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.