ആലപ്പുഴ: ചേർത്തലയിലെ നവജാത ശിശുവിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ ആശയുടെ സുഹൃത്ത് രതീഷാണെന്ന് പോലീസ് കണ്ടെത്തി. ആശുപത്രിയിൽ ഭർത്താവ് ആണെന്ന വ്യാജേന ഇയാൾ കൂട്ടിരിപ്പുകാരനായി നിന്നു. തുടർന്ന് കുഞ്ഞിനെ വീട്ടിൽ എത്തിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
ഓഗസ്റ്റ് 31 നായിരുന്നു അമ്മയും കുഞ്ഞും ആശുപത്രി വിട്ടത്. പിന്നാലെ ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറി. ഏറെ വൈകിയാണ് ഇരുവരും പിരിഞ്ഞത്. അന്ന് തന്നെ വീട്ടിലെത്തി കൊലനടത്തുകയും ചെയ്തു.
കുഞ്ഞിനെ അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി. ഭർത്താവിനോട് കുഞ്ഞ് രതീഷിന്റേതാണെന്ന് പറഞ്ഞതോടെ കുഞ്ഞില്ലാതെ വന്നാൽ മതിയെന്ന് ആശയുടെ ഭർത്താവ് പറഞ്ഞിരുന്നെന്നും മൊഴിയുണ്ട്.
കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ ആണ് സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
മൃതദേഹം ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു. സംഭവം പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് മൃതദേഹം പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പോലീസ് പറഞ്ഞു.
കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക കുറ്റം ഇരുവര്‍ക്കുമെതിരെ പോലീസ് ചുമത്തി. ഒന്നാം പ്രതി കുഞ്ഞിന്റെ അമ്മ ആശ മനോജ് ആണ്. ഇവരുടെ ആണ് സുഹൃത്ത് രതീഷ് രണ്ടാം പ്രതിയാണ്.