ചേർത്തല: ഭർത്താവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ഭാര്യയെ അന്വേഷിച്ചിറങ്ങിയ പോലീസ് ക്ഷേത്രത്തിൽ നിന്നും കാമുകനോടൊപ്പം പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെയും മണിമല സ്വദേശിയായ കാമുകനെയുമാണ് ചേർത്തല പോലീസ് പിടികൂടി ബന്ധുക്കൾക്കൊപ്പം വിട്ടത്.
കാഞ്ഞിരപ്പള്ളി സ്വദേശിയായ ഭർത്താവിനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൂന്നുദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ഇതോടെയാണ് വീട്ടുകാരും നാട്ടുകാരും ഭാര്യയെ അന്വേഷിച്ചത്. തുടർന്ന് പോലീസിൽ പരാതിയും നൽകി.
ബന്ധുക്കളുടെ സൂചന പ്രകാരം രഹസ്യവിവരം ലഭിച്ച പോലീസ് ചേർത്തലയ്ക്കു സമീപത്തെ ക്ഷേത്രത്തിന് സമീപം ഇവരെ പിടികൂടുകയായിരുന്നു. ഭർത്താവുമായി അകൽച്ചയുണ്ടായിരുന്നെങ്കിലും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിൽ ബന്ധുവിനോടൊപ്പം കൂട്ടനിൽക്കുന്പോഴാണ് മറ്റൊരു രോഗിക്ക് കൂട്ടുനിൽക്കുവാനെത്തിയ ആളുമായി പരിചയപ്പെടുന്നത്. എന്നാണ് ഇവർ വീട്ടിൽ നിന്നു പോയതെന്നതും ഭർത്താവിന്റെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.