ചേർത്തല: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷൻ എന്ന അവാർഡ് കരസ്ഥമാക്കിയ ചേർത്തല പോലീസിന്റെ ജൈവകൃഷിക്ക് നൂറുമേനി. നിയമപരിപാലനം മാത്രമല്ല കൃഷിയും തങ്ങൾക്ക് വഴങ്ങുമെന്നു തെളിയിച്ചിരിക്കുകയാണ് ചേർത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്റെ മുൻവശത്ത് 2013 മുതൽ പച്ചക്കറി കൃഷി ചെയ്തുവരുന്നു. എന്നാൽ ഇത്തവണ നൂറുമേനി കൊയ്തതിന്റെ ആഹ്ലാദത്തിലാണ് ചേർത്തലയിലെ സേനാംഗങ്ങൾ.
പയർ, പീച്ചിൽ, വഴുതന, വെണ്ട, പച്ചമുളക്, തക്കാളി തുടങ്ങിയവയാണ് ജൈവരീതിയിൽ കൃഷി ചെയ്തത്. വിളവെടുക്കുന്ന പച്ചക്കറികൾ പോലീസ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് നൽകുന്നത്. ഒൗദ്യോഗിക കൃത്യനിർവഹണത്തിന്റെ തിരക്കിനിടയിലും സമയം കണ്ടെത്തിയാണ് കൃഷി നടത്തിയത്. ചേർത്തല പോലീസ് സ്റ്റേഷനുമുന്നിലുള്ള സ്ഥലത്ത് എത്തിയാൽ ഒരു കൃഷിത്തോട്ടത്തിലെത്തിയത് പോലെ തോന്നും.
അൽപ സമയം വിശ്രമവേള കിട്ടിയാൽ ചേർത്തല സ്റ്റേഷനിലെ പോലീസും, ട്രാഫിക് യൂണിറ്റിലെ പോലീസും നേരെയിറങ്ങുന്നത് കൃഷിയിടത്തിലേക്കാണ്. തസ്തികയും ഗ്രേഡും നോക്കാതെയാണ് സേനാംഗങ്ങൾ പച്ചക്കറിത്തോട്ടത്തിൽ സജീവമാകുന്നത്. കൃഷിയിടം ഒരുക്കിയും ഗ്രോബാഗുകളിലും മറ്റുമാണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്.
ജനമൈത്രി സിആർഒ സി.ഡി. ശിവപ്രസാദ്, സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രണധീർ എന്നിവരോടൊപ്പം നാട്ടുകാരനായ രാജനും കൃഷിക്ക് നേതൃത്വം നല്കുന്നു. പോലീസിന്റെ ഒൗദ്യോഗിക ഡ്യൂട്ടിയിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിന് കൃഷി വളരെ സഹായകരമാണെന്നും പച്ചക്കറി തോട്ടത്തിൽ ചെലവിടുന്ന സമയം പോലീസ് ഉദ്യോഗസ്ഥരെല്ലാം വളരെ സന്തോഷത്തിലാണെന്നും സ്റ്റേഷൻ ഓഫീസർ വി.പി. മോഹൻലാൽ പറഞ്ഞു.
പച്ചക്കറി കൃഷിയിലെ നൂറുമേനി വിളവെടുപ്പു കൂടാതെ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം ലഭിച്ചതിന്റെയും ആഹ്ളാദത്തിലാണ് ചേർത്തലയിലെ സേനാംഗങ്ങൾ. മികച്ചതും കുറ്റമറ്റ രീതിയിലുള്ള കേസ് അന്വേഷണത്തിനു പുറമെ ജനമൈത്രി പോലീസിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, സ്ത്രീ സുരക്ഷാ പദ്ധതികൾ, മറ്റ് ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയതാണ് മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് ലഭിച്ചത്. ഈ മാസം 16ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു.