ചേർത്തല: ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ ശുചീകരണത്തിന്റെ ഭാഗമായി കൂട്ടിയിട്ട വേസ്റ്റിനു തീയിട്ടത് വലിയ പൊട്ടിത്തെറിയില്‍ കലാശിച്ചു.
ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ പഴയ സർക്കിൾ ഓഫീസ് കെട്ടിടത്തിന്റെയും ട്രാഫിക് സ്റ്റേഷന്റെയും ജനല്‍ചില്ലുകളും അതോടൊപ്പം സ്റ്റേഷൻ വളപ്പിൽ ഉണ്ടായിരുന്ന ജെസിബിയുടെ ചില്ലുകളും തകർന്നു.
ചില്ലുചിതറി വീണ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ജയചന്ദ്രന്റെ കൈയ്ക്കു നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.
ഇന്നലെ പോലീസ് സ്റ്റേഷനിൽ നടന്ന ശുചീകരണത്തിനുശേഷം മാലിന്യങ്ങൾക്കു തീയിട്ടപ്പോൾ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കത്തിച്ച പാഴ് വസ്തുക്കൾക്കൊപ്പം സ്റ്റേഷനിൽ പിടിച്ചെടുത്തിരുന്ന പടക്കങ്ങൾ പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കത്തിച്ച ഭാഗത്ത് നേരത്തെ ഇത്തരത്തിൽ പടക്കങ്ങൾ നിർവീര്യമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മണ്ണിനടിയിൽ നിർവീര്യമാകാതെ കിടന്ന പടക്കങ്ങൾ പൊട്ടിയതാണെന്നാണ് സംശയം. ചേർത്തല ഡിവൈഎസ്പി എ.ജി. ലാൽ പരിശോധന നടത്തി.