ചേർത്തല: ചേർത്തലയിൽ വ്യാപാര ആവശ്യത്തിനായി ഒരു ചെറിയ കടമുറിക്ക് അഡ്വാൻസ് തുക 50 ലക്ഷം ആയപ്പോൾ ആശങ്കയിലാകുന്നത് ചെറുകിട വ്യാപാരികൾ. നഗരസഭയുടെ മുൻവശമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ പോയത് ഇതുവരെ ചേർത്തലയിൽ നടക്കാത്ത റിക്കാർഡ് തുകയ്ക്കാണ്. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചെറിയ കടമുറിയുടെ ലേലം 50 ലക്ഷത്തിന് അടുത്ത് എത്തുന്നത്.
പുതിയ വ്യാപാരസമുച്ചയത്തിൽ 26 കടമുറികളാണ് ഉള്ളത്. ഇന്നലെ നടന്ന ലേലത്തിൽ ഏഴുകടമുറികളാണ് ലേലം പോയത്. ഇതിലൂടെ നഗരസഭയ്ക്ക് 1.97 കോടി രൂപ ലഭിച്ചു. എ വിഭാഗത്തിൽപ്പെട്ട അഞ്ചു കടമുറികളും സി വിഭാഗത്തിൽപ്പെട്ട രണ്ടുകടമുറികളുമാണ് ഇന്നലെ ലേലം നടന്നത്. അതിൽ എ വിഭാഗത്തിലെ ഒന്നാം കടമുറി പോയത് 49 ലക്ഷത്തി അൻപതിനായിരം രൂപയ്ക്കാണ്.
നഗരസഭയുടെ മുന്നിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സ് നഗരഹൃദയത്തും കഐസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തും സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഇത്രയും തുക ഉയർന്നതെന്നാണ് കരുതുന്നത്. ഇതിനുമുന്പ് ചേർത്തല കഐസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിലെ കടമുറികളും പോയത് 25 ലക്ഷത്തിനു മുകളിലാണ്. ഇതിന്റെ ചുവടുപിടിച്ചാണ് നഗരസഭയുടെ മുറികൾക്കും ഡിമാൻഡ് ഉയർന്നതെന്നാണ് പറയുന്നത്.
എ വിഭാഗത്തിലെ രണ്ടാം കടമുറി 34 ലക്ഷത്തിനും മൂന്നാം നന്പർ മുറി 31,70,000 രൂപയ്ക്കും അഞ്ചാം നന്പർ കടമുറി 32,35,000 രൂപയ്ക്കും ഏഴാം നന്പർ കടമുറി 30,10,000 രൂപയ്ക്കും ലേലം പോയി. സി വിഭാഗത്തിൽ രണ്ടു കടമുറികളാണ് ലേലം കൊണ്ടത്. 24 ഉം 26 ഉം നന്പർ കടമുറികൾ 10,10,000 രൂപയ്ക്കാണ് ലേലത്തിൽ പോയത്. അതേസമയം കടമുറിയുടെ ലേലതുകയെ സംബന്ധിച്ച് വ്യാപാരികളുടെയിടയിൽ പ്രതിഷേധം ഉയർന്നിരുന്നു.
നഗരഹൃദയത്തിൽ രണ്ടുസെന്റ് വസ്തു വാങ്ങുന്നതിന് സമാനമായി 30 ലക്ഷത്തോളം രൂപ കുറഞ്ഞ നിക്ഷേപമായി നിശ്ചയിച്ചതിലാണ് പ്രതിഷേധം ഉയർന്നത്. ഉപജീവനമാർഗമായി കച്ചവടം ലക്ഷ്യമാക്കുന്നവരെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നുമാണ് ആക്ഷേപം. അതോടൊപ്പം പട്ടികജാതി, വർഗ സംവരണമുറിയെ സംബന്ധിച്ചും തർക്കം ഉടലെടുത്തിരുന്നു.
സംവരണ മുറികൾ പ്രധാന സ്ഥലത്തു തന്നെ നീക്കിവയ്ക്കുക, നിരതദ്രവ്യം 5000 രൂപയായി കുറയ്ക്കുക, നിക്ഷേപതുക ആറ് മാസത്തെ വാടകയിൽ കൂടാതെ ക്രമപ്പെടുത്തുക, ലേലം മാറ്റിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെപിഎംഎസ് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഈ വിഭാഗത്തിലെയും ബാക്കി ഒഴിവുള്ള മറ്റു കടമുറികളുടെയും ലേലം ഇന്ന് നടക്കും.