ചേർത്തല: കുടുംബ പ്രശ്നത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ചേർത്തല കടക്കരപ്പള്ളി കൊട്ടാരം ഹരിതശ്രീയിൽ ഹരിദാസ് പണിക്കരുടെ ഭാര്യ സുമി (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹരിദാസ് പണിക്കരെ (62) പട്ടണക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർച്ച 1.15നാണ് സുമി ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
സംഭവത്തിനുശേഷം ഹരിദാസ് അടുത്തവീട്ടിൽ പോയി സുമിക്ക് അനക്കമില്ലെന്നും മരിച്ചുപോയെന്നും പറഞ്ഞു. ഇതറിഞ്ഞ നാട്ടുകാര്‍ എത്തുമ്പോൾ സുമിയെ മൂക്കിൽനിന്നു രക്തം വാർന്നനിലയിൽ സോഫയിൽ ചാരിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽകൊണ്ടു പോകണമെന്ന് പറഞ്ഞെങ്കിലും ഹരിദാസ് കൂട്ടാക്കിയില്ല.
രാവിലെ സംസ്കാര നടപടികൾ തുടരുന്ന സാഹചര്യത്തിൽ പരിസരവാസികൾ അറിയിച്ചതനുസരിച്ച് പട്ടണക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികളിൽ സുമിയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തി.
തുടർന്ന് പോലീസ് സർജന്റെ നേതൃത്വത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു. തുടർന്ന് ഹരിദാസിനെ പട്ടണക്കാട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ സുമിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസിനോട് ഹരിദാസ് സമ്മതിച്ചു.
സുമി വർഷങ്ങളായി മാനസിക വിഭ്രാന്തിക്ക് മരുന്നു കഴിക്കുന്നുണ്ടെന്നും എല്ലാ ദിവസവും ഇരുവരും തമ്മില്‍ വഴക്കിടാറുണ്ടെന്നും സഹികെട്ടാണ് കൊലപ്പെടുത്തിയതെന്നും ഹരിദാസ് പോലീസിനോട് പറഞ്ഞു. പെരുമ്പളം സ്വദേശിയായ ഹരിദാസ് മിലിട്ടറിയിലെ സേവനത്തിനുശേഷം അഞ്ചു വർഷത്തോളമായി കടക്കരപ്പള്ളിയിൽ താമസമാക്കിയിട്ട്. വീടിനു സമീപമുള്ള കൊട്ടാരം ശ്രീധർമക്ഷേത്രത്തിലെ കണക്കെഴുത്തുകാരനായി ജോലി ചെയ്യുകയാണ്.
ആദ്യഭാര്യയുടെ മരണത്തിനുശേഷമാണ് സുമിയെ വിവാഹം കഴിക്കുന്നത്. ആദ്യഭാര്യയിൽ രണ്ടു മക്കൾ ഉള്ളത് മുംബൈയിലാണ്. സുമിയിൽ മക്കളില്ല. ഇന്നലെ വൈകുന്നേരം പട്ടണക്കാട് പോലീസ് ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനുശേഷം ഇന്നു കോടതിയില്‍ ഹാജരാക്കും.