ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രി വികസനത്തിന്റെ കുതിപ്പിൽ. താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. കൂടാതെ താലൂക്ക് ആശുപത്രിയിലെ ഒപി ബ്ലോക്ക് നവീകരണത്തിനായി ഒരു കോടി 34 ലക്ഷം രൂപ അനുവദിക്കുന്നതായും മന്ത്രി പറഞ്ഞു.
ചേർത്തല താലൂക്ക് ആസ്ഥാന ആശുപതിയിലെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സി ടി സ്കാൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. താലൂക്കാശുപത്രിയിൽ സ്ഥിരം റേഡിയോളജിസ്റ്റിന്റെ നിയമനവും കൂടുതൽ ഡോക്ടർമാരുടെ കാര്യവും സജിവമായി പരിഗണിക്കും. ഇതിനുപുറമെ ആശുപത്രിയുടെ സമഗ്രവികസനത്തിനായി ഒരു മാസ്റ്റർപ്ലാൻ തയാറാക്കണം.
ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണ്. അടുത്തതായി അനുവദിച്ച 500 കുടുംബരോഗ്യ കേന്ദ്രങ്ങളിൽ 40 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യമന്തി പി.തിലോത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ശ്രീലേഖാ നായർ, വി.ടി ജോസഫ്, ബി. ഭാസി, സി.ഡി ശങ്കർ, എൻ.ആർ ബാബുരാജ്, ഡി. ജ്യോതിസ്, ഡോ. അനിൽകുമാർ, ഡോ. ഡീവർ പ്രഹ്ലാദ് തുടങ്ങിയവർ പങ്കെടുത്തു.