രാജേഷ് ചേർത്തല
ചേര്‍ത്തല: അക്രമകാരികളും സംഘടിതരുമായ മോഷ്ടാക്കളുടെ ഭീഷണിയില്‍ ചേര്‍ത്തല നിവാസികള്‍.
മാരകായുധങ്ങളുമായി വാഹനങ്ങളിലെത്തി മോഷണം നടത്തി കടന്നുകളയുന്ന മോഷണസംഘത്തിന്റെ ഭീതിയിലാണ് ചേര്‍ത്തലയിലെ ജനങ്ങള്‍. മൂന്നുമാസത്തിനിടയില്‍ ഇതുപോലെ നിരവധി മോഷണങ്ങളാണ് ചേര്‍ത്തലയില്‍ അരങ്ങേറിയത്.
രണ്ടുമാസം മുമ്പ് ചേര്‍ത്തല നഗരത്തില്‍ തന്നെ വല്ലയില്‍-വട്ടക്കാട്ട് പ്രദേശത്ത് മോഷ്ടാക്കളുടെ സംഘടിത മോഷണം നടന്നിരുന്നു.
ഒരു വീട്ടില്‍ നിന്നും ബൈക്ക് ഉള്‍പ്പെടെയാണ് മോഷണം നടന്നത്. അതിനുതൊട്ടുപിന്നാലെ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വെള്ളിയാകുളത്തും സമാനമായ രീതിയില്‍ മോഷ്ടാക്കളുടെ സംഘടിത മോഷണം നടന്നു.
ഇവിടെയും ഒരേ സമയം നിരവധി വീടുകളിലാണ് മോഷണം നടന്നത്.
ഇന്നലെ രാത്രി മതിലകം ഭാഗത്ത് നടന്നത്…
തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി ചേര്‍ത്തല മതിലകം ഭാഗത്ത് നിരവധി വീടുകളിലാണ് മോഷണം നടന്നത്.
ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മൂന്നരപവനോളം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു. ചിലയിടങ്ങളില്‍ മോഷ്ടാക്കള്‍ മോഷണം നടത്തുന്നതിനിടയില്‍ വീട്ടുകാര്‍ എഴുന്നേറ്റതിനെതുടര്ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തണ്ണീര്‍മുക്കം പഞ്ചായത്ത് 19-ാം വാര്‍ഡ് അമ്മു നിലയത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ഉഷയുടെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഉഷ.
വീടിന്റെ വാതില്‍ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് ഉഷയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
ഉറക്കത്തിലായിരുന്ന ഉഷ പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ കോട്ട് ധാരിയായ ഒരു കറുത്തയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മുറിയുടെ മേശപ്പുറത്തുവെച്ചിരുന്ന പണം അടങ്ങിയ പേഴ്സും കവര്‍ന്നിട്ടുണ്ട്. മണ്‍വെട്ടി ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നതെന്ന് കരുതുന്നു.
ഇതിനുപിന്നാലെ നാമക്കാട് കോളനിയില്‍ ലതികയുടെ വീട്ടിലും മോഷണശ്രമം നടന്നു. അടുക്കളവാതിലിന്റെ ലോക്ക് തകര്‍ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
ഈ രാത്രിയില്‍തന്നെ വെളിയില്‍ ലേഖ സുരേഷിന്റെ വീട്ടിലും മോഷണശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
എന്നാല്‍ മോഷ്ടാക്കളുടേതെന്ന് കരുതുന്ന ഒരു ബിഗ്ഷോപ്പര്‍ ഇവിടെ നിന്നും കിട്ടി. ഇതില്‍ രണ്ടുജോടി ചെരിപ്പും ഉണ്ടായിരുന്നു.
പതിനൊന്നാം മൈലിനുസമീപമുള്ള വീട്ടിലും മോഷണശ്രമം നടന്നു. ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്ന മോഷ്ടാക്കളുടെ ചിത്രവും സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
തണ്ണീര്‍മുക്കത്തും വല്ലയില്‍, വട്ടക്കാട്ട് പ്രദേശത്തും നടന്ന മോഷണങ്ങള്‍…
തണ്ണീര്‍മുക്കം വെള്ളിയാകുളം പ്രദേശത്ത് കഴിഞ്ഞ സെപ്തംബര്‍ 13ന് രാത്രിയായിരന്നു മോഷണം നടന്നത്. എട്ടോളം വീടുകളില്‍ കയറിയ കള്ളന്മാര്ക്ക് രണ്ടുവീടുകളില്‍ നിന്നും മോഷണം നടത്താനായി.
ഒരു വീട്ടില്‍ നിന്ന് മൂന്ന് ഗ്രാമിന്റെ സ്വര്‍ണ മോതിരവും ഒരു വീട്ടില്‍ നിന്ന് സൈക്കിളും മോഷ്ടാക്കൾ കൊണ്ടുപോയി. വെള്ളിയാകുളങ്ങര വെളി ശിവദാസിന്റെ വീട്ടില്‍ നിന്നാണ് മോതിരം മോഷ്ടിച്ചത്.
വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് അകത്ത് കയറി, അലമാരയില്‍ സൂക്ഷിച്ചിരുന്ന മോതിരമാണ് കവര്‍ന്നത്. മുന്നാം വാര്‍ഡ് കുവയ്ക്കല് ജ്യോതിഷിന്റെ വിട്ടില്‍ നിന്ന് സൈക്കിള്‍ മോഷ്ടിച്ചു.
ഇതിനുശേഷം സെപ്റ്റംബര്‍ അവസാനമാണ് വല്ലയില്‍ വട്ടക്കാട്ട് പ്രദേശത്ത് നിരവധി വീടുകളില്‍ മോഷണം നടന്നത്.
വല്ലയില്‍ ചാത്തനാട്ടുവെളി ബിജുവിന്റെ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്തു മോഷ്ടാവ് അകത്തുകയറി.
തലയില്‍ തുണിയിട്ട മോഷ്ടാവിനെ കണ്ട വയോധിക കരഞ്ഞു ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനൊപ്പം പ്രദേശത്തെ അഞ്ചു വീടുകളിലും മോഷണ ശ്രമം നടന്നു.
ആയുധങ്ങള്‍ വീടിനുസമീപം സൂക്ഷിക്കാതിരിക്കുക..
കോടാലി, തൂമ്പ, കമ്പിപാര തുടങ്ങിയ ആയുധങ്ങള്‍ വീടിനുസമീപം സൂക്ഷിക്കുന്നത് ഒഴിവാക്കുക.
പലരുടെയും വീടുകളില്‍ നിന്നും ലഭിക്കുന്ന ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ച് അടുക്കളവാതില്‍ തകര്‍ത്തോ ഉറപ്പില്ലാത്ത വാതില്‍ നോക്കി അത് തകര്‍ത്തുമാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിക്കുക.
വെള്ളിയാകുളത്ത് ശിവദാസന്റെ വീടിന്റെ അകത്തുകയറാനായി വാതില്‍ തുറക്കാന്‍ ഉപയോഗിച്ച കോടാലി സമീപവാസിയായ സഹോദരന്റെ വീട്ടിലുണ്ടായിരുന്നതാണ്.
പിന്നീട് ശിവദാസിന്റെ വീട്ടില്‍ ഇത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഈ പ്രദേശത്തു നടന്ന മോഷണങ്ങള്‍ക്കുശേഷം മോഷ്ടാക്കളുടേതെന്ന് കരുതുന്ന സോക്സ്, തോര്‍ത്ത്, ഹാന്‍സ് പായ്ക്കറ്റ്, ഒഴിഞ്ഞ മദ്യ കുപ്പി, ഒരു വാച്ച് എന്നിവയും പോലീസിന് ലഭിച്ചിരുന്നു.
പോലീസ് കേസ് എടുക്കാഞ്ഞത് മഹാഭാഗ്യം…
വല്ലയില്‍ ഭാഗത്തെ വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന ഒരു ബൈക്ക് പിറ്റേന്ന് രാവിലെ ഉടമ നോക്കിയപ്പോള്‍ കാണാനില്ല. ചേര്‍ത്തല പോലീസില്‍ പരാതി നല്കി.
അവര്‍ വന്ന് പരാതിയൊക്കെ എഴുതിക്കൊണ്ട് പോയി. പോലീസ് കേസ് എടുത്തെന്ന് വീട്ടുകാര്‍ വിചാരിച്ചു. കൃത്യം ഒരു മാസത്തിനുള്ളില്‍ ബൈക്ക് എറണാകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് കേസ് എടുത്തില്ലെന്ന് വീട്ടുകാര്‍ അറിയുന്നത്. ഉടമ എറണാകുളത്ത് പോയി ബൈക്ക് തിരികെ കൊണ്ടുവന്നു.
പോലീസ് കേസ് എടുക്കാഞ്ഞത് ഭാഗ്യമായെന്ന് വീട്ടുകാര്‍ പറയുന്നു. അല്ലെങ്കില്‍ കോടതിയുടെ പടിക്കല്‍ ദിവസങ്ങളോളം ഇതിനായി പോകേണ്ടിവന്നേനെ…
പോലീസ് അധികാരികള്‍ ശ്രദ്ധിക്കാന്‍…
തുടര്‍ച്ചയായി നടക്കുന്ന മോഷണം തടയാന്‍ പോലീസ് അടിയന്തിരമായി ഉണരേണ്ടതുണ്ട്. അര്‍ദ്ധരാത്രിയില്‍ നടക്കുന്ന ഇത്തരം മോഷ്ടാക്കളെ തടയാന്‍ രാത്രിയില്‍ പെട്രോളിംഗ് ശക്തമാക്കുക എന്നുള്ളതാണ്.
രാത്രികാല വാഹനപരിശോധന കൂടുതലാക്കുക. സംശയാസ്പദമായി പോകുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുക.
ദേശീയപാതയിലൂടെയും പ്രധാനറോഡുകളിലൂടെയും വാഹനങ്ങളില്‍ എത്തുന്ന മോഷ്ടാക്കള്‍ ഒരു പ്രദേശം കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്.
അതുകൊണ്ട് നാട്ടുകാരുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പോലീസ് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ആധുനിക മോഷ്ടാക്കളെ എത്രയും വേഗം പിടികൂടാമെന്നാണ് ജനങ്ങള്‍ കരുതുന്നത്.
കാറിലെത്തുന്ന ബര്മുഡധാരികളായ ആധുനിക കള്ളന്മാര്…
ഒന്നിലധികം മോഷ്ടാക്കള്‍ വാഹനത്തിലെത്തി ഒരു പ്രദേശം കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് ചെയ്യുന്നത്. മോഷ്ടാക്കള്‍ വന്നുവെന്ന് കരുതുന്ന കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
കണിയാപ്പള്ളിമഠം നിതിന്കൃഷ്ണയുടെ വീട്ടിലുള്ള സിസിടിവി ദൃശ്യത്തില്‍ മോഷണത്തിനുതൊട്ടുമുമ്പായി ഒരു കാര്‍ അതിവേഗം പോകുന്നതായി പതിഞ്ഞിട്ടുണ്ട്.
ചേര്‍ത്തലയില്‍ അടുത്തയിടെയുണ്ടായ മോഷണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അടിവസ്ത്രങ്ങളും മുഖം മൂടിയും ധരിച്ചെത്തിയ ദൃഡഗാത്രരായ ഇവര്‍ ദേഹമാസകലം എണ്ണയും പുരട്ടിയാണ് മോഷണത്തിന് ഇറങ്ങുന്നത്.
ബര്‍മൂഡ ധാരികളായ ഒന്നിലധികം മോഷ്ടാക്കള്‍ ഒരേ സമയം വീടുകളിലെത്തി മോഷണം നടത്തുകയാണ് പതിവ്.
ഇങ്ങനെയുള്ള മോഷ്ടാക്കള്‍ പൊതുവെ അക്രമകാരികളായാണ് കാണുന്നത്. മോഷണം നടത്തിയതിനുശേഷം ആളുകളെ ആക്രമിക്കാനും മടിയില്ലാത്തവര്‍. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഭീതിയിലുമാണ്.