ചേർത്തല: ചേർത്തല താലൂക്ക് ഗവ. ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെക്കൂടി നിയമിച്ചു. ഒരു ഫിസിഷ്യനെയും അനസ്തേഷ്യ ഡോക്ടറെയുമാണ് നിയമിച്ചിരിക്കുന്നത്. നിലവിൽ ആശുപത്രിയിലെ ഫിസിഷ്യൻ താത്കാലിക അവധിയിലാണ്. ബാക്കിയുള്ള ഒഴിവുകളും ഉടൻ നികത്തും.
മന്ത്രി പി.തിലോത്തമന്റെ ആവശ്യപ്രകാരം ആരോഗ്യമന്ത്രി ഇടപെട്ടാണ് നിയമനത്തിനു നിർദേശം നൽകിയത്. ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചുചേർക്കാനും തീരുമാനമായി. ഡോക്ടർമാരുടെ പ്രമോഷൻ പട്ടിക വന്നാലുടൻ നിയമനം നടക്കുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന.
ഡോക്ടർമാരുടെ ക്ഷാമംമൂലമല്ല മറിച്ച് ക്രമീകരണത്തിനായാണ് മൂന്നാം വാർഡ് താത്കാലികമായി അടച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കാലവർഷത്തിൽ പ്രത്യേക പനിവാർഡായി പ്രവർത്തിച്ച വാർഡിൽ പനി കുറഞ്ഞതോടെ രോഗികളുടെ എണ്ണം കുറഞ്ഞു.
ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികളടക്കമുള്ള ക്രമീകരണത്തിനായി അവശേഷിച്ച രോഗികളെ അഞ്ചാം വാർഡിലേക്കു മാറ്റിയതെന്നും ഒഴിവുള്ള ഡോക്ടർമാർക്ക് പകരം സംവിധാനത്തിലൂടെ ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.