കൊല്ലത്തു ബിരുദ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത കേരളം കേട്ടത് ഒരു ഞെട്ടലോടെയാണ്. യുവാവ് ബിരുദവിദ്യാര്‍ഥിനിയെ കൊല്ലത്തെത്തിച്ചത് പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ തൊട്ടുപിന്നാലെ സത്യം പുറത്തുവന്നുതുടങ്ങി. കൊല്ലം പീഡനത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ കേസന്വേഷിച്ച പോലീസ് ഞെട്ടിയിരിക്കുകയാണ്. ചെര്‍പ്പുളശേരിയില്‍ നടന്നത് ദൃശ്യം സിനിമയെ വെല്ലുന്ന കാര്യങ്ങള്‍.
ചെര്‍പ്പുളശേരി നെല്ലായ പുലാക്കാട്ടെ പതിനെട്ടുകാരിയും നാട്ടുകാരന് തന്നെയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. അടുത്തുള്ള കോളജിലെ ബിരുദവിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. പ്രണയം മൂത്തതോടെ വീട്ടുകാര്‍ വിവരം അറിഞ്ഞു. ഇതോടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു. നാണക്കേടുമൂലം നാട്ടിലിറങ്ങാന്‍ വന്നതോടെ യുവാവ് കാമുകിയോട് പകരംവീട്ടാന്‍ തീരുമാനിച്ചു. പതിവു പ്രണയം തുടരുന്നുവെന്നു ഭാവിച്ച യുവാവ് പെണ്‍കുട്ടിയോട് തുടര്‍ന്നും സ്നേഹത്തോടെ പെരുമാറി. ഇതിനിടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചു. കാമുകന്റെ നിര്‍ദേശപ്രകാരം യുവതി കഴിഞ്ഞ 26നു യുവതി കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയെന്നും അവിടെ നിന്നു ശാലിനി എന്ന യുവതി സമീപത്തെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ കൊല്ലത്തുണ്ടാവുമെന്നും അവര്‍ സഹായിക്കുമെന്നും യുവാവ് യുവതിയോടു പറഞ്ഞിരുന്നത്രെ. യുവാവിന്റെ വാക്കു വിശ്വസിച്ചു യുവതി കൊല്ലത്തെ ലോഡ്ജില്‍ രണ്ടു ദിവസം കാത്തിരുന്നു.
തന്ത്രപൂര്‍വമായിരുന്നു യുവാവിന്റെ പിന്നീടുള്ള ചുവടുവയ്്പുകള്. താന്‍ നാട്ടില്‍ തന്നെ ഉണ്ടെന്ന് കാണിക്കാന്‍ ഇയാള്‍ നെല്ലായയിലും പുലാക്കാട്ടുമുള്ള മുഴുവന്‍ ചടങ്ങുകളിലും പങ്കെടുക്കുകയും പള്ളികളില്‍ പ്രാര്‍ഥനകളില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസത്തിനു ശേഷം കൊല്ലത്തെത്തുകയും യുവതിയെ മാനഭംഗപ്പെടുത്തുകയും ചെയ്തെന്നു പോലീസ് പറയുന്നു. സുഹൃത്തുക്കള്‍ക്കു കൂടി യുവതിയെ കാഴ്ചവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വഴക്കിട്ടു പിരിഞ്ഞ യുവതി കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തുകയും അവിടെ നിന്നു പോലീസ് ഇടപെട്ട് ചെര്‍പ്പുളശ്ശേരിയില്‍ എത്തിക്കുകയുമായിരുന്നു.യുവതി ചെര്‍പ്പുളശ്ശേരിയില്‍ എത്തും മുന്‍പേ യുവാവു സ്വന്തം നാട്ടിലുണ്ടായിരുന്നു.
എന്നാല്‍ യുവതി പറയുന്നത് മറ്റൊരു കഥയാണ്. ഇപ്പോള്‍ അറസ്റ്റിലായവരില്‍ ഒരാളായ ജാഫറിന് (21) സ്വര്‍ണം പണയംവച്ച് 30,000 രൂപ നല്‍കിയിരുന്നുവെന്നും ഇത് വീട്ടില്‍ അറിഞ്ഞതോടെ വഴക്കായെന്നും പിന്നീട് പണം തിരിച്ചു ചോദിച്ചപ്പോള്‍ കൊല്ലത്തേക്കു വരാനുമായിരുന്നു ജാഫറിന്റെ മറുപടിയത്രേ. ഇതുപ്രകാരമാണ് താന്‍ കൊല്ലത്തെത്തിയതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ രാഷ്ട്രദീപികയോട് പറഞ്ഞത്.