ചെറുപുഴ: ചെറുപുഴയിലെ കരാറുകാരനായ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാർ പറഞ്ഞു. ജോസഫിന്റെ മരണത്തിൽ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധം ഉയരുകയാണ്. ആശുപത്രി കെട്ടിടം പണിത വകയിൽ 1.34 കോടി രൂപ കിട്ടാനുണ്ടെന്ന് ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരൻ രാജൻ സെബാസ്റ്റ്യൻ പറഞ്ഞു. പണം കൊടുക്കാതെ ജോസഫിനെ വഞ്ചിക്കുകയായിരുന്നുവെന്നും ഇതാണ് ജോസഫിന്റെ മരണത്തിന് കാരണമെന്നുമാണ് ആരോപണമുയരുന്നത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിരവധി കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ള ജോസഫിനെ അറിയാത്തവരാരും തന്നെ ചെറുപുഴ മേഖലയിലില്ല. ഇതുവരെ ഇദ്ദേഹത്തെക്കുറിച്ച് യാതൊരുവിധ ആരോപണങ്ങളും ഉയർന്നിട്ടുമില്ല. ഇതൊക്കെയാണ് ജോസഫിന്റെ മരണത്തിൽ ജനങ്ങളിൽ വൻ പ്രതിഷേധമുയരുവാൻ കാരണം. ഇന്നലെ വൈകുന്നേരം സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ആശുപത്രിയിലേയ്ക്ക് മാർച്ച് നടത്തി.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഇന്നലെ രാത്രി ആശുപത്രിയിലെത്തി. ജോസഫിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കാരണക്കാരായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. സിപിഎം പെരിങ്ങോം ഏരിയ സെക്രട്ടറി സി. സത്യപാലൽ, കെ.എം. ഷാജി, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം പി.പി. സിദിൻ, ഡിഡിഎഫ് നേതാവ് ജയിംസ് പന്തമാക്കൽ എന്നിവരും സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
ജോസഫിനെ സാമ്പത്തികമായി വഞ്ചിച്ചവർക്കെതിരേ നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷിക്കണമെന്ന് സിപിഐ ചെറുപുഴ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ആർ. ചന്ദ്രകാന്ത്, റെജി ജോസഫ്,സിബി എം. തോമസ് എന്നിവർ പ്രസംഗിച്ചു. ജോസഫിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ ഏഴുമണിയോടെ ചൂരപ്പടവിലെ വീട്ടിലെത്തിച്ചു. ചെറുപുഴ, ഈസ്റ്റ്-എളേരി പഞ്ചായത്തുകളിൽ നിന്നും നൂറ് കണക്കിനാളുകളാണ് ചൂരപ്പടവിലെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചത്.