ഹരിപ്പാട്: നെഹ്റുട്രോഫി ഉൾപ്പെടെയുള്ള ജലമേളകൾക്ക് മുന്നോടിയായി ചെറുതന ചുണ്ടൻ വള്ളം പുതുക്കിപ്പണിയുന്നു. ആറു ലക്ഷം രൂപയാണ് അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കുന്നത്. അച്ചൻകോവിലാറ്റിലെ ചെറുതന കടവിനു സമീപമുള്ള മാലിപ്പുരയിൽ പണികൾ പുരോഗമിക്കുന്നു. കൈത്തല പട്ടയിട്ട് വള്ളം ബലപ്പെടുത്തുന്ന ജോലികളും വങ്ക് പുതുക്കലുമാണ് നടക്കുന്നത്. കോഴിമുക്ക് സാബു നാരായണൻ ആചാരിയാണ് മുഖ്യശിൽപി. രാജേന്ദ്രൻ, പ്രസന്നൻ, വേണു, രവി എന്നിവർ സഹായികളും പ്രസന്നൻ മിനുക്കുപണികൾക്കും നേതൃത്വം നൽകുന്നു.
1971ലാണ് ചെറുതന കരയിൽ പുതിയതായി ചുണ്ടൻ വള്ളം നീറ്റിലിറക്കുന്നത്. ചുണ്ടൻവള്ളങ്ങളുടെ രാജശില്പിയെന്ന് അറിയപ്പെടുന്ന കോഴിമുക്ക് നാരായണൻ ആചാരിയുടെ കരവിരുതിലാണ് ചെറുതന ചുണ്ടൻ നിർമിച്ചത്. പിന്നീട് ഈ വള്ളം ആലപ്പാട്ടുകാർക്ക് വിറ്റു. 1986 ൽ പുതിയ വള്ളം നിർമ്മിച്ചു. പ്രാദേശിക ജലമേളകളിൽ വിജയം പതിവാക്കിയ ചെറുതന ചുണ്ടൻ 2004ൽ നെഹ്റുട്രോഫിയിൽ മുത്തമിട്ടു.
മേയ് പകുതിയോടെ പണികൾ പൂർത്തിയാക്കി വള്ളം നീറ്റിലിറക്കാനുള്ള ശ്രമത്തിലാണ് കരക്കാരും ചുണ്ടൻ വള്ള സമിതി ഭാരവാഹികളും. ബിജു മഞ്ചേരിൽ(പ്രസിഡന്റ്), സതീഷ്ചന്ദ്രൻ നായർ(സെക്രട്ടറി), മുരളീധരൻ നായർ (ഖജാൻജി), മധു (ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന ചുണ്ടൻ വള്ള സമിതി ഭാരവാഹികളാണ് പുതുക്കിപ്പണികൾക്ക് നേതൃത്വം നൽകുന്നത്.