ചെറുതോണി: അർധരാത്രി വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും വിദ്യാർഥിയായ മകനെയും അയൽവാസികൾ മർദ്ദിച്ചതായി പരാതി. ചേലച്ചുവട് ചുരുളി ചോലിക്കരയിൽ റാണി തോമസ്, മകൻ പ്രണവ് തോമസ്(14) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ പരാതിയിൽ പെരുന്പിള്ളിപ്പാറയിൽ ബാബു, സഹോദരൻ അഭിലാഷ്, സുഹൃത്ത് പലകചാരിയിൽ ജോണി എന്നിവർക്കെതിരെ കഞ്ഞിക്കുഴി പോലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രി 12 ന് റാണിയുടെ വീട്ടിലേക്ക് പ്രതികൾ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടമ്മ കതകുതുറന്നയുടനെ പ്രതികൾ ഉള്ളിലേക്ക് അതിക്രമിച്ചുകയറി ഇരുവരെയും മർദിക്കുകയായിരുന്നെന്നു പറയുന്നു. പ്രണവിന്റെ കഴുത്തിൽ വാക്കത്തിവച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
അക്രമം കണ്ടുഭയന്ന റാണിയുടെ ഇളയമക്കളായ ഇമ്മാനുവൽ, ഗോഡ്വിൻ എന്നിവർക്കു പനി ബാധിച്ചു. റാണിയും മക്കളും തള്ളക്കാനം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. റാണിയുടെ ഭർത്താവിനു എറണാകുളത്താണ് ജോലി. വർഷങ്ങളായി ഇരുകൂട്ടരും തമ്മിൽ വഴക്ക് നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു.