ഇടുക്കി: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. സെക്കന്റിൽ 50 ഘന മീറ്റർ വെള്ളം മാത്രമാണ് ഒഴുക്കിവിടുന്നത്. ശനിയാഴ്ച പതിനൊന്നിനാണ് ഷട്ടർ തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലിന് ഒരു ഷട്ടർ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഇടുക്കി കളക്ട്രേറ്റിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. മുല്ലപ്പെരിയാർ തുറന്നുവിടേണ്ടി വന്നാൽ ഇടുക്കിയിലേക്ക് കൂടുതൽ ജലം ഒഴികിയെത്തും. ഇതുകൂടി പരിഗണിച്ചാണ് ചെറുതോണിയുടെ ഒരു ഷട്ടർ തുറന്നത്.
കനത്ത മഴയെത്തുടർന്ന് ഈ വർഷം ഓഗസ്റ്റ് ഒൻപതിന് തുറന്ന ഇടുക്കി ഡാമിന്റെ ഷട്ടർ സെപ്റ്റംബർ ഏഴിനാണ് അടച്ചത്. ഒരുഘട്ടത്തിൽ അഞ്ച് ഷട്ടറുകളും തുറന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു.
ഇതേതുടർന്ന് പെരിയാറിൽ വൻതോതിൽ ജലനിരപ്പ് ഉയരുകയും ചാലക്കുടി ഉൾപ്പടെയുള്ള പട്ടണങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കേണ്ട സ്ഥിതിയുണ്ടായത്.
പ്രളയ കാലത്തെ സാഹചര്യം കണക്കിലെടുത്ത് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് ജലനിരപ്പ് കുറച്ചുനിർത്താൻ കെഎസ്ഇബിയും ജില്ലാ ഭരണകൂടവും തീരുമാനിക്കുകയായിരുന്നു.