ചെറുതോണി: പൊട്ടിവീണ വൈദ്യുത കന്പിയിൽ ചവിട്ടി ഷോക്കേറ്റ വീട്ടമ്മയെ വളർത്തുനായ രക്ഷിച്ചു. രക്ഷയ്ക്കെത്തിയ നായ ഷോക്കേറ്റു ചത്തു. ചേലച്ചുവട് പെരിയാർവാലി കൈപ്പടമലയിൽ സജീവന്റെ ഭാര്യ ഓമന(50)യ്ക്കാണ് ഷോക്കേറ്റത്.
ഇവരെ ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. പുല്ലുചെത്താൻ പറന്പിലേക്കുപോയ ഇവർ പൊട്ടിവീണ വൈദ്യുത കന്പിയിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. ഇവർ വളർത്തുന്ന നായയും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഷോക്കേറ്റുവീണ ഓമനയെ വൈദ്യുത കന്പി കടിച്ചുമാറ്റിയാണ് നായ രക്ഷപ്പെടുത്തിയത്. നായ ഷോക്കേറ്റു ചത്തു.