കൊച്ചി: ഇടുക്കി ഡാമിൽനിന്നു കൂടുതൽ വെള്ളം തുറന്നുവിടുന്നതോടെ കൊച്ചി നഗരത്തിലേക്കും വെള്ളം കയറുമെന്ന് മുന്നറിയിപ്പ്. വടുതല, ചിറ്റൂർ ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ മേഖലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ മേഖലകളിൽ രാത്രിയോടെ വെള്ളം കയറുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഇടുക്കി അണക്കെട്ടിൽനിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വ്യാഴാഴ്ച രാത്രിയോടെ സെക്കൻഡിൽ 2000 ഘനമീറ്ററാക്കും. നിലവിൽ 1500 ഘനമീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും മുല്ലപ്പെരിയാറിൽനിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചതിനാലുമാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ കൂടുതൽ ഉയർത്തേണ്ടിവരുന്നത്.
ഇതോടെ പെരിയാറിലെ ജലനിരപ്പ് ഇനിയും ക്രമാതീതമായി ഉയരും. വടുതല, ചിറ്റൂർ ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ മേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു.