ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ നിര്‍മിച്ച ഷൊര്‍ണൂര്‍- ചെറുതുരുത്തി തടയണ തകര്‍ന്നു. തടയണ കെട്ടി സംരക്ഷിച്ചിരുന്ന പുഴയിലെ ജലമെല്ലാം നഷ്ടമായി. നിര്‍മാണത്തിലെ അപാകതയാണ് അകാലത്തില്‍ തടയണ തകരാന്‍ കാരണമായത്. പതിനഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച തടയണയുടെ ചെറുതുരുത്തി ഭാഗത്തെ പാർശ്വഭിത്തിയാണ് തകര്‍ന്നത്.
രണ്ടു പ്രളയങ്ങളെ അതിജീവിച്ച തടയണയില്‍ മണലും ചെളിയും നിറഞ്ഞിരുന്നു. രണ്ടുവര്‍ഷംമുമ്പ് നിര്‍മാണം പൂര്ത്തിയാക്കിയങ്കിലും കഴിഞ്ഞവര്‍ഷം ഉദ്ഘാടനം ചെയ്ത തടയണ വള്ളത്തോള്‍നഗര്‍ ഷൊര്‍ണൂര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന കുടിവെള്ളസ്രോതസായിരുന്നു.
നിര്‍മാണത്തിൽ അപാകതകളും അഴിമതിയും ആരോപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു. അതേസമയം തടയണയുടെ പാര്‍ശ്വഭിത്തി തകര്ത്തതാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയോടുകൂടിയാണ് പാര്‍ശ്വഭിത്തി തകര്‍ന്ന് വെള്ളം ഒഴുകിപ്പോകുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഇവര്‍ ഉടനേതന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് ആരോപണമുയര്‍ന്നു. അവശേഷിക്കുന്ന ജലമെങ്കിലും തടഞ്ഞുനിര്‍ത്തി സംരക്ഷിക്കാനും ആരും തയാറായില്ല.