ചെറുതോണി: കേരളംകണ്ട നൂറ്റാണ്ടിലെ മഹാപ്രളയം ഉണ്ടായിട്ട് ഇന്ന് ഒരുവയസ്. കഴിഞ്ഞവർഷത്തെ സ്വാതന്ത്ര്യദിനം ഹൈറേഞ്ച് നിവാസികൾക്ക് ഭയപ്പെടുത്തുന്ന ഓർമകളാണ് സമ്മാനിച്ചത്. ജില്ലാ ആസ്ഥാന മേഖലയിൽ 10 പേരുടെ ജീവനാണ് സ്വാതന്ത്ര്യദിനത്തിൽ പൊലിഞ്ഞത്.
കാലവർഷം ശക്തമായിട്ടും കാര്യമായ പ്രകൃതിക്ഷോഭം ഉണ്ടാകാതിരുന്ന പ്രദേശമായിരുന്നു വാഴത്തോപ്പ് പഞ്ചായത്ത്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് 15 ഇതെല്ലാം തിരുത്തിക്കുറിച്ചു. വാഴത്തോപ്പ് പഞ്ചായത്തിൽ ചെറുതോണി ടൗണിന് ഏറ്റവും അടുത്ത പ്രദേശമായ ഗാന്ധിനഗർ കോളനിയിൽനിന്നാണ് ആദ്യ ദുരന്തവാർത്തയെത്തിയത്.
ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മുത്തച്ഛനും മുത്തശിയും രണ്ടു പേരക്കുട്ടികളും ഉൾപ്പെടെ മണ്ണിനടിയിലായി. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിരുന്ന ഒരു യുവാവും ദുരിതാശ്വാസ ക്യാന്പിൽ നിന്നും വീട്ടിലെത്തി പുതപ്പെടുത്ത് വരികയായിരുന്ന വീട്ടമ്മയും ഇതേ ഉരുൾപൊട്ടലിൽ മരിച്ചു. ശക്തമായ മഴയും തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് തടസമായി.
വൈകുന്നേരം അഞ്ചോടെ വാഴത്തോപ്പ് പഞ്ചായത്തിലെതന്നെ മണിയാറൻകുടി പെരുങ്കാലയിലും ഉരുൾപൊട്ടി. ഇവിടെയും ഒരുകുടംബത്തിലെ നാലുപേരെയാണ് മരണത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോയത്. അച്ഛനും അമ്മയും മകളും കൊച്ചുമകളും ഇവിടെ മരണപ്പെട്ടു.
ഇതോടൊപ്പം ജില്ലാ ആസ്ഥാനത്തെക്കുള്ള പ്രധാനപാതകൾ ഉൾപ്പെടെ എല്ലാ വഴികളും മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും അടഞ്ഞു. രക്ഷാ പ്രവർത്തനങ്ങളോ അപകടത്തിൽപെട്ടവരെയും മരണമടഞ്ഞവരെയും ആശുപത്രിയിലെത്തിക്കാനൊ സാധിക്കാത്ത അവസ്ഥയായി.
ജില്ലാ ആശുപത്രിയിലേക്കുള്ള റോഡും ഉരുൾ കൊണ്ടുപോയി. യാത്രാ സൗകര്യങ്ങൾക്കൊപ്പം വാർത്താവിനിമയ മാർഗങ്ങളും വൈദ്യുതിയും നിലച്ചു. അയൽവീടുകളിൽപോലും എത്തിപ്പെടാനാകാതെ ജനം ദുരിതത്തിലായി. എന്താണ് സംഭവിക്കുന്നതെന്നുപോലുമറിയാതെ ജനം പകച്ചുനിന്ന ദിവസമായിരുന്നു അന്ന്.
ചെറുതോണി അണക്കെട്ട് കഴിഞ്ഞവർഷം ഓഗസ്റ്റ് ഒൻപതിന് തുറന്നുവിട്ടിരുന്നു. പിന്നീട് മൂന്നു ഷട്ടറുകൾ അല്പം താഴ്ത്തിയെങ്കിലും 14-ന് വീണ്ടും ഉയർത്തി. ഇതോടെ പെരിയാറിലൂടെ കുതിച്ചൊഴുകിയ വെള്ളം തീരവാസികളെയും ഒറ്റപ്പെടുത്തി. 14-ന് വൈകുന്നേരം 6.13-ന് അണക്കെട്ടിന്റെ മൂന്നുഷട്ടറുകളും കൂടുതലായി ഉയർത്തിയതോടെ സെക്കന്ഡിൽ 600 ക്യുമെക്സ് വെള്ളമായിരുന്നു പെരിയാറിലൂടെ ഒഴുകിയിരുന്നത്.
15-ന് അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രണവിധേയമാകാതെ വന്നതിനാൽ മറ്റു രണ്ട് ഷട്ടറുകളും ഉർത്തുകയാണുണ്ടായത്. ചെറുതോണി പാലവും ആലിൻ ചുവടുമുതൽ പെരിയാർവാലിക്കുതാഴെ വരെ പുഴയുടെ ഇരുവശങ്ങളിലും വെള്ളംകയറി നാശം വിതച്ചു.
ഇന്ന് ഒരുവർഷമായിട്ടും ജനങ്ങളുടെ മനസിൽനിന്നും അന്നത്തെ ഭീകരത വിട്ടുമാറിയിട്ടില്ല. ഇന്നലെ ജില്ലയിൽ മഴയ്ക്ക് ശക്തികുറവാണെങ്കിലും തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ ഭീതി വർധിപ്പിക്കുകയാണ്.
കഴിഞ്ഞവർഷം വിണ്ടിരിക്കുന്ന ഭൂമിയിൽ അമിതമായി വെള്ളം ഇറങ്ങുന്നത് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നാണ് വിലയിരുത്തൽ. മഴക്കാലം ഹൈറേഞ്ച് നിവാസികളുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയാണ്.
ഇടുക്കിയിൽ നീരൊഴുക്കു കൂടി; ജലനിരപ്പ് 43.08 %
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 43.08 ശതമാനമായി ഉയർന്നു. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2346.70 അടിയാണ്. ബുധനാഴ്ച രാവിലെ ഏഴിന് 2342.92 അടിയായിരുന്ന ജലനിരപ്പ്. 36 മണിക്കൂറിനുള്ളിൽ 3.78 അടി വർധിച്ചു.
പദ്ധതി പ്രദേശത്തു ഭേദപ്പെട്ട മഴ ലഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ വർധനയുണ്ട്. പദ്ധതി പ്രദേശത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 79.02 മില്ലിമീറ്റർ മഴ ലഭിച്ചു. പീരുമേട് താലൂക്കിലാണ് ജില്ലയിൽ ഏറ്റവും കൂടിയ മഴ ലഭിച്ചത്. ഇവിടെ 152 മില്ലിമീറ്റർ മഴരേഖപ്പെടുത്തിയപ്പോൾ ഉടുന്പൻചോല-45.04, ദേവികുളം-09.06, തൊടുപുഴ-68.00 മില്ലിമീറ്റർ മഴയും ലഭിച്ചു. ജില്ലയിൽ 71.04 മില്ലിമീറ്റർ ശരാശരി മഴ ലഭിച്ചു.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു പൊൻമുടി, ലോവർപെരിയാർ, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ നേരത്തെ തുറന്നുവിട്ടിരുന്നു. മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഇന്നലെ 20 സെന്റിമീറ്ററിൽനിന്നു 30 സെന്റിമീറ്ററായി ഉയർത്തി. വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ജലസംഭരണികളിലുമായി 46.75 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ നാലിന് 21 ശതമാനമായിരുന്നു ജലനിരപ്പ്.
നിലവിലെ വെള്ളം ഉപയോഗിച്ച് 1935.888 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 83.678 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഇന്നലെ മാത്രം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തി.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 131 അടിയിലേക്ക്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സാവധാനം ഉയരുന്നു. ഇന്നലെ രാവിലെ ആറിന് 130.4 അടിയാണ് ജലനിരപ്പ്. 57. 4 മില്ലിമീറ്റർ അണക്കെട്ടിലും 36.4 മി.മീ. തേക്കടിയിലും മഴ ലഭിച്ചു. ഇന്നലെ രാവിലെ ആറുവരെ സെക്കൻഡിൽ 2677.78 ഘനയടി വെള്ളം അണക്കെട്ടിലേക്കൊഴുകിയെത്തിയിരുന്നു. ജലനിരപ്പ് ഇന്നു പുലർച്ചയോടെ 131 അടി പിന്നിട്ടേക്കും. 142 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി.