എരുമേലി: ചെറുവള്ളി എസ്റ്റേറ്റ് കേസുകൾ ഒരേ ദിവസം രണ്ട് കോടതികളിൽ എത്തുകയാണ്. വിമാനത്താവള പദ്ധതി സംബന്ധിച്ച് നടപടികൾ തുടങ്ങണമെങ്കിൽ ഇതിൽ ഒരു കേസ് ഏറെ നിർണായകം. 21 നാണ് പാലാ സബ് കോടതിയിലും ഹൈക്കോടതിയിലും ഒരേ ദിവസം കേസുകൾ പരിഗണിക്കുന്നത്.
ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് പാട്ടക്കാലാവധി കഴിഞ്ഞതിനാൽ സംസ്ഥാന സർക്കാരിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ജില്ലാ കളക്ടർ പാലാ സബ് കോടതിയിൽ നൽകിയ അന്യായമാണ് 21നു കോടതി പരിഗണിക്കുന്നത്. തോട്ടം സർക്കാർ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ബിലീവേഴ്സ് ചർച്ച് നൽകിയ കേസാണ് ഹൈക്കോടതിയിൽ അന്ന് പരിഗണിക്കുന്നത്.
ഹൈക്കോടതിയിലെ കേസ് ആണ് ഏറെ നിർണായകമാകുന്നത്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് 21 വരെ തടഞ്ഞ് കോടതി നൽകിയ സ്റ്റേ ഉത്തരവ് അന്നാണ് അവസാനിക്കുന്നത്. ഏറ്റെടുക്കൽ സംബന്ധിച്ച് അന്ന് കോടതിയിൽ നിന്നു സുപ്രധാനമായ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്. നിയമവിധേയമായ നടപടികളിലൂടെ എസ്റ്റേറ്റ് ഏറ്റെടുക്കാൻ കോടതി അനുമതി നൽകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അങ്ങനെ അനുമതി ലഭിച്ചാലാണ് വിമാനത്താവള പദ്ധതിയുടെ നടപടികൾ സർക്കാരിന് ആരംഭിക്കാൻ കഴിയുക.
അതേസമയം ഏറ്റെടുക്കൽ നടപടികൾ തങ്ങൾക്ക് കൂടി ഗുണകരമാകുന്ന സമീപനം വേണമെന്ന നിലപാടാണ് ബിലീവേഴ്സ് ചർച്ചിന്റേത്. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചർച്ചിന്റേതാണെന്ന് സർക്കാർ അംഗീകരിക്കണമെന്ന ആവശ്യമാണ് ഇതിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ച് മുന്നോട്ട് വെച്ചിട്ടുള്ളത്. അതേസമയം ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.
എസ്റ്റേറ്റ് സർക്കാരിന്റേതാണോ അതോ ബിലീവേഴ്സ് ചർച്ചിന്റേതാണോ എന്ന് ഇതുവരെ കോടതികളിൽ തീർപ്പുണ്ടാകാത്ത സാഹചര്യത്തിൽ ഭൂമിയുടെ വില കോടതിയിൽ നൽകി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകണമെന്നും ഉടമസ്ഥാവകാശത്തിൽ തീർപ്പ് ഉണ്ടാകുന്ന മുറയ്ക്ക് ഈ തുക ഉടമക്ക് കോടതി കൈമാറണമെന്ന വ്യവസ്ഥയുമാണ് സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് കോടതിക്ക് സ്വീകാര്യമാകുകയും എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുമതി ലഭിക്കുമെന്നും പ്രതീക്ഷിക്കുകയാണ് സർക്കാർ.