വിജയ് കുമാർ വാലയിൽ
തുറവൂർ: ചെറുവള്ളങ്ങളുടെ നിർമാണ രംഗത്ത് പ്രശസ്തമായ ചെല്ലാനം. മരത്തടിയിൽ തീർക്കുന്ന വള്ളങ്ങളുടെ ഈറ്റില്ലമാണെന്നു പറയാം. തടി വള്ള നിർമാണത്തിൽ നൂറു വർഷത്തോളം പാരന്പര്യമുണ്ട് ചെല്ലാനം ഗ്രാമത്തിന്. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ആയിരക്കണക്കിന് വള്ളങ്ങളാണ് ചെല്ലാനത്തു നിർമിക്കപ്പെട്ടിട്ടുള്ളത്. അഞ്ചരക്കോൽ മുതൽ ഇരുപത്തിരണ്ട് കോൽ നീളം വരെയുള്ള വള്ളങ്ങൾ ഇവിടെ നിർമിച്ചിരുന്നു.
കടലിൽ പോകുവാൻ ഫൈബർ വള്ളങ്ങൾ ഉപയോഗിച്ചു തുടങ്ങിയതോടെ വലിയ വള്ളങ്ങളുടെ നിർമാണം നിലച്ചു. നിലവിൽ പത്തുകോൽ നീളം വരെയുള്ള തടി വള്ളങ്ങൾ ആണ് ഇവിടെ നിർമിക്കുന്നത്. ആഞ്ഞിലി, പുന്ന, തുടങ്ങിയ മരങ്ങളാണ് വള്ളനിർമാണത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ കയർ, ചകിരി തുടങ്ങിയവയും നിർമാണത്തിന് ഉപയോഗിക്കുന്നു. ആദ്യം ഏരാവ് പലക വയ്ക്കുന്നു. അതിന്റെ ഇരുവശങ്ങളിലുമായി തലമരങ്ങൾ ഘടിപ്പിക്കുന്നു.
ഏരാവ് പലകയുടെ മുകളിലായി ഓടുപലകയും തുടർന്ന് പൂളു പലക അതിനു മുകളിലായി തീർപ്പലകയും വില്ലിയും ഘടിപ്പിക്കുന്നു .ഇതിനു ശേഷം ഈ പലകകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലിയാണ്. പലകകളുടെ വശങ്ങളിൽ ദ്വാരം ഇട്ടശേഷം മധ്യഭാഗത്ത് ചികിരിയും കയറും പാകിയശേഷം കയർ ഉപയോഗിച്ച് വലിഞ്ഞ് മുറുക്കുന്നു. ശേഷം ചകിരി പലകയുടെ വശങ്ങളിലെ ദ്വാരങ്ങളിൽ തിരുകി കുടുതി അടിക്കുന്നു.
മേൽഭാഗത്ത് പടികൾ വയ്ക്കുന്നതോടെ ഒരു വള്ളത്തിന്റെ പണി പൂർത്തിയാകുന്നു. പലകയുടെ വിടവുകളിൽ മെഴുകു തേക്കുകയും, നെയ് പുരട്ടുകയും ചെയ്യുന്പോൾ വള്ളം പൂർണമായും ഉപയോഗപ്രദമാകും. അമരപ്പടി, രണ്ടാം പടി, നടുപ്പടി, പൂമല്ലപ്പടി തുടങ്ങിയ പടികളും ഒരു വള്ളത്തിലുണ്ട്. ചെന്പുതറ ഉപയോഗിച്ചാണ് ഇവ പിടിപ്പിക്കുന്നത്. മത്സ്യ ബന്ധനം, കക്കാവാരൽ, ചരക്ക് കയറ്റി ഇറക്കൽ, താറാവുകളെ തീറ്റുവാനും, പാടശേഖരങ്ങളിലെ കൃഷി, ഗതാഗത കടത്ത് എന്നിവയ്ക്ക് പ്രധാനമായും ചെല്ലാനം വള്ളങ്ങളാണ് ഉപയോഗിക്കുന്നത്.
ഒരു മത്സ്യ ബന്ധന വള്ളത്തിൽ അമരക്കള്ളി, വലക്കള്ളി, മീൻ കള്ളി എന്നീ ഭാഗങ്ങളാണ് ഉള്ളത്. ഒരു കാലത്ത് വള്ളങ്ങളുടെ നിർമാണം തെക്കേ ചെല്ലാനം മേഖലയിൽ കുടിൽ വ്യവസായമായിരുന്നു. ഇപ്പോൾ ഇരുപതോളം വള്ള നിർമാണപ്പുരകളാണ് ഇവിടെ ഉള്ളത്. ആയിരത്തോളം തൊഴിലാളികളുടെ ഉപജീവന മാർഗം കൂടിയാണിത്. മണ്മറഞ്ഞു പോയ ചക്കുങ്കൽ മക്കു ആന്റണി മേസ്തരി, തെക്കേകളത്തിങ്കൽ തിയോ മേസ്തരി, ബാപ്പു മേസ്തരി, ചക്കുങ്കൽ അഗസ്റ്റിൻ മേസ്തരി എന്നിവരാണ് ചെല്ലാനത്തെ വള്ളം നിർമാണത്തിന് തുടക്കം കുറിച്ചത്.
തെക്കേചെല്ലാനം തെക്കേ കളത്തിങ്കൽ ജോയി, മകൻ കുഞ്ഞുമോൻ തുടങ്ങിയവർ ഇന്നും ഇവരുടെ പാരന്പര്യം തുടർന്നു വരുന്നു. പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാത്തതിനാൽ പുതുതലമുറ ഈ ജോലിയോട് താല്പര്യം കാണിക്കുന്നില്ല. കാലക്രമത്തിൽ ഇത് അന്യം നിന്നു പോകുമെന്ന ഭയമാണ് ഇപ്പോഴത്തെ മേസ്തരിമാർക്കുള്ളത്.