പൊൻകുന്നം: ചെറുവള്ളി ഡിവിജി എൽപി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യത്തെ പൂർവവിദ്യാർഥീസംഗമം. 1986-87 വർഷത്തെ ഒന്നാംക്ലാസ് വിദ്യാർഥികളാണ് അന്നത്തെ ക്ലാസ് ടീച്ചറുമായി ചേർന്ന് സംഗമമൊരുക്കിയത്.
37 വർഷത്തിനിടെ പല നാടുകളിലേക്ക് വിവിധ ജീവിതതുറകളിൽ ചേക്കേറിയവരെല്ലാം ഒന്നുചേർന്നപ്പോൾ അവർക്കൊപ്പം പ്രായത്തിന്റെ അവശതകൾ മറന്ന് അന്നത്തെ ക്ലാസ് ടീച്ചർ തങ്കമ്മ ടീച്ചറും പങ്കെടുത്തു.
1986-87ലെ ഗ്രൂപ്പ് ഫോട്ടോ ഇതിലൊരാളുടെ പക്കലുണ്ടായിരുന്നത് അന്നത്തെ 23 പേരെ കണ്ടെത്തുന്നതിന് തുണയായി. എല്ലാവരുടെയും ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.
പിന്നീടാണ് എല്ലാവരും ഒത്തുചേരുന്നതിനെപ്പറ്റിയും പഴയ ഫോട്ടോ പോലെ തന്നെ പുതിയ ഒരെണ്ണം എടുക്കുന്നതിനെക്കുറിച്ചും തീരുമാനിച്ചത്. വ്യക്തിപരമായ അസൗകര്യം മൂലം എത്താനാവാതെ പോയ ആറുപേരൊഴികെ 17 പേർ സംഗമത്തിൽ പങ്കെടുത്തു.
കളിയും ചിരിയുമായി പ്രായം മറന്ന് ടീച്ചറും 40 വയസ് കഴിഞ്ഞ കുട്ടികളും ഒരു സായാഹ്നം സ്കൂളിൽ ചെലവഴിച്ചു. ചെറുവള്ളി കോയിപ്പുറത്ത് തങ്കമ്മ ടീച്ചർ കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ സ്കൂളുകളിലെ സേവനത്തിന് ശേഷം നാട്ടിൽ ഡിവി ഗവൺമെന്റ് എൽപി സ്കൂളിൽ ജോലിക്കുചേർന്ന് ആദ്യബാച്ചായിരുന്നു ഇത്.
പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയ്ക്കു പകരം സൂക്ഷിക്കാൻ തങ്കമ്മ ടീച്ചറിനെ ഒപ്പമിരുത്തി പുതിയ ഫോട്ടോ എടുത്തതിന്റെ സന്തോഷത്തിലാണിവർ.