എരുമേലി: പേട്ട കെട്ടിന്റെയും ചന്ദനക്കുടത്തിന്റെയും പെരുമയുള്ള എരുമേലി അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തിലേക്ക്. എരുമേലി ശബരിമല വിമാനത്താവളം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ യാഥാർഥ്യമാകുന്പോൾ ഒപ്പം വരുന്നതു പേരും പെരുമയും. എടുത്തു പറയാൻ കാഞ്ഞിരപ്പള്ളി മാത്രമാണ് അടുത്തൊരു പട്ടണം. മണിമല, പ്ലാച്ചേരി, ചേനപ്പാടി, കനകപ്പലം, മുക്കട എന്നീ ഗ്രാമങ്ങളോടു ചേർന്നു മണിമലയാർ ഒഴുകുന്ന പ്രദേശം.
നിർദിഷ്ട വിമാനത്താവളം ഏറെക്കുറെ നിരപ്പായ റബർ തോട്ടമാണ്. കുന്നോ മലയോ ഇടിച്ചുനിരപ്പാക്കേണ്ട. ജലദൗർലഭ്യവുമില്ല. പൂവത്തോലി മലയും പൊന്തൻപുഴ വനവും അതിരിടുന്ന തോട്ടത്തിൽ മൂന്നു വർഷത്തിനുള്ളിൽ വിമാനത്താവളം പൂർത്തിയാക്കാനാകുമെന്നാണു സാങ്കേതിക വിദഗ്ധരുടെ പക്ഷം.നടപ്പിലാകാതെ പോയ എരുമേലി ടൗണ്‍ഷിപ്പിനും സ്ഥലമേറ്റെടുക്കലിൽ കുരുങ്ങിയ ശബരി റെയിൽപാതയ്ക്കും വിമാനത്താവളപദ്ധതി ഉണർവ് നല്കി യേക്കും.