കോട്ടയം: എരുമേലിയിലെ നിർദിഷ്ട ശബരി വിമാനത്താവളം നിർമാണത്തിന് തിരുവല്ല ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ പാലാ സബ് കോടതിയിൽ നൽകിയ അന്യായത്തിൽ അടുത്ത മാസം വിസ്താരം തുടങ്ങും.
ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ അയന ട്രസ്റ്റിനോ അഭ്യുദയകാംക്ഷികൾക്കോ എതിർപ്പുള്ള പക്ഷം എതിർകക്ഷിയെന്ന നിലയിൽ കേസിൽ സർക്കാരിനെതിരേ കക്ഷി ചേരാനുള്ള പൊതുഅറിയിപ്പ് എന്ന നിലയിൽ പത്രപരസ്യം നൽകാനും കോടതി ഉത്തരവായി.
ബിഷപ് റവ. കെ.പി. യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ചിലെ അംഗങ്ങളെയും അഭ്യുദയകാംക്ഷികളും ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ അന്യായം നൽകിയതായുള്ള വിവരം പത്രപ്പരസ്യത്തിലൂടെ അറിയിച്ചശേഷം വിസ്താരം തുടങ്ങാം എന്നതാണ് കോടതി നിലപാടെന്ന് സർക്കാരിനുവേണ്ടി ഹാരജായ ഗവ. പ്ലീഡർ സജി കൊടുവത്ത് പറഞ്ഞു.
പാട്ടക്കാലാവധി കഴിഞ്ഞതും സംസ്ഥാന സർക്കാരിൽ വന്നുചേരേണ്ടതുമായ വസ്തുവാണ് കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല, എരുമേലി പഞ്ചായത്തുകളിലായി 2263 ഏക്കർ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റ് എന്നതാണ് അന്യായത്തിൽ പറഞ്ഞിരിക്കുന്നത്.
ഹാരിസണ് മലയാളം കന്പനിയിൽനിന്ന് ബിലീവേഴ്സ് ചർച്ച് ചെറുവള്ളി എസ്റ്റേറ്റ് കൈവശമാക്കിയത് നിയമപരമായല്ലെന്നാണ് സർക്കാർ വാദം. സംസ്ഥാന സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവാണ് അന്യായം ഫയൽ ചെയ്തിരിക്കുന്നത്.