പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട 500 കോടി രൂപയുടെ വിദേശപണമിടപാട് വിഷയത്തില്‍ ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടിയ നടപടി വിവാദത്തില്‍. റവ.കെ.പി. യോഹന്നാനുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ വിവാദ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് ഇന്നലെയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.
ഉടമസ്ഥാവകാശതര്‍ക്കം നിലനില്‍ക്കുന്ന എസ്റ്റേറ്റ് കണ്ടുകെട്ടിയത് സ്ഥലത്തിനുമേല്‍ ബിലീവേഴ്സ് ചര്‍ച്ച് ഉന്നയിക്കുന്ന വാദങ്ങള്‍ സ്ഥിരീകരിക്കുന്നതിനുള്ള സമ്മര്‍ദതന്ത്രമാണെന്ന ആക്ഷേപമുണ്ടായി. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ സ്ഥലം വിമാനത്താവളത്തിനുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ അതും വിവാദമായതോടെ സ്ഥലത്തിന്റെ വില കെട്ടിവച്ച് ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. മുമ്പ് ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമായിരുന്ന എസ്റ്റേറ്റ് കെ.പി. യോഹന്നാന് പണം കൊടുത്ത് വാങ്ങിയിരുന്നു.
ഇത് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഭൂമിയാണെന്നുമാണ് വാദം. സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍ പ്ലാന്റേഷനു പാട്ടത്തിനു നല്‍കിയതാണെന്ന വാദവും ഉണ്ടായി. ഇതിനു പിന്നാലെയാണ് ഭൂമിയുടെ വില കെട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ കഴിഞ്ഞയിടെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത കോടിക്കണക്കിനു രൂപയും പിന്‍വലിച്ച കറന്‍സി നോട്ടുകളും കണ്ടെടുത്തിരുന്നു. അനധികൃത വിദേശ പണമിടപാടുകള്‍ക്ക് പിഴ അടയ്ക്കണമെന്നും നിര്‍ദേശമുണ്ടായി. ഇതിന്റെ ഭാഗമായാണ് ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടിയത്.