കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിര്‍മിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലെ തദ്ദേശീയ ഇനമായ ചെറുവള്ളി പശുവിന്റെ വംശസംരക്ഷണത്തിന് പദ്ധതിയുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു.
വെച്ചൂര്‍ പശുക്കളെപ്പോലെ ചെറുതും പ്രതിരോധശേഷിയുള്ളതും ഗുണമേന്മയുള്ള പാല് തരുന്നതുമായ ഈയിനം ചെറുവള്ളി എസ്റ്റേറ്റ് ലയങ്ങളില്‍ തൊഴിലാളികളുടെ സംരക്ഷണയിലാണുള്ളത്. കുളമ്പുദീനമോ അകിടുവീക്കമോ ഇവയില്‍ സാധാരണ കാണാറില്ല.
എസ്റ്റേറ്റിലും പുറത്തുമായി ആയിരത്തില്‍ താഴെ പശുക്കളേ ഈ ഇനത്തില്‍ അവശേഷിക്കുന്നുള്ളൂ. തോട്ടത്തില്‍ യഥേഷ്ടം മേയുകയും ലാറ്റക്സ് സംഭരണകേന്ദ്രങ്ങളോടു ചേര്‍ന്ന് വിശ്രമിക്കുകയും ചെയ്യുന്ന ഇവ ഏറെ ഇണക്കമുള്ള ഇനമാണ്.
കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളില്‍ ചെറിയ കൊമ്പും നീളമുള്ള വാലുകളും ഇളം ചുവപ്പു കലര്‍ന്ന കണ്ണുകളുമാണ് ഇവയ്ക്കുള്ളത്. ചിലതിന് കൊമ്പില്ല എന്നതും പ്രത്യേകതയാണ്.വെച്ചൂര്‍ ഇനംപോലെ കുറച്ചു തീറ്റ മതി. മൂരികളുടെ മുതുകത്ത് വലുപ്പമേറിയ പൂഞ്ഞ കാണപ്പെടുന്നു.
ശാന്തസ്വഭാവമുള്ള ഈ പശുക്കളുടെ കഴുത്തും കഴുത്തിനടിയിലെ താടയും മറ്റു പശുക്കളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. മറ്റിനങ്ങളെക്കാള്‍ താടയ്ക്ക് ഇറക്കം കൂടുതലാണ്. വര്‍ഷത്തില്‍ ഒന്നെങ്കിലും പ്രസവിക്കുന്ന ഇവ ആയുസില്‍ 17 പ്രാവശ്യംവരെ പ്രസവിക്കും.
ദിവസം മൂന്നു ലിറ്റര്‍ വരെ പാല് ചുരത്തുന്ന ഇവയുടെ പാലിനു കൊഴുപ്പു കൂടുതലാണ്. എയര്‍പോര്‍ട്ട് നിര്‍മാണത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കുകയും തൊഴിലാളികളെ പുനരധിവസിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചെറുവള്ളി പശുക്കളുടെ സംരക്ഷണത്തിന് പദ്ധതി അനിവാര്യമാണ്.