പാനൂർ: ആശുപത്രി പൂട്ടി ജീവനക്കാർ സ്ഥലം വിട്ടു. രോഗികൾ വലഞ്ഞു .20 ലക്ഷത്തോളം ചെലവഴിച്ച് നവീകരിച്ച് കഴിഞ്ഞ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥയാണിത്. സായാഹ്ന ഒപി പ്രതീക്ഷിച്ച് ആശുപത്രിയിലെത്തിയ രോഗികളാണ് ആശുപത്രി പൂട്ടിയതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം ചികിത്സ കിട്ടാതെ തിരികെ പോയത്.
സായാഹ്ന ഒപി തുടങ്ങിയിട്ട് ആറുമാസം മാത്രമാണ് ആയത്. കഴിഞ്ഞ മൂന്നിനാണ് മന്ത്രി ശൈലജ നവീകരിച്ച ആശുപത്രി ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിൽ സായാഹ്ന ഒപിയിൽ ജോലി ചെയ്യുന്ന ഡോക്ടർക്ക് സ്തുത്യർഹ സേവനത്തിന് മന്ത്രി ഉപഹാരം നൽകിയിരുന്നു.20ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് ആശുപത്രി പൂട്ടി എല്ലാവരും സ്ഥലം വിട്ടതാണ് വിവാദമായത്.
ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയരുകയാണ്.ജീവനക്കാരുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ ആരോഗ്യ മന്ത്രി ഉടൻ ഇടപെട്ട് സാധാരണക്കാരന്റെ ചികിത്സ കേന്ദ്രത്തിലെ സായാഹ്ന ഒപി സ്ഥിരപ്പെടുത്തണമെന്ന് പാട്യം പഞ്ചായത്തംഗം കോൺഗ്രസിലെ റോബർട്ട് വെള്ളാമ്പള്ളി പ്രസ്താവനയിലാവശ്യപ്പെട്ടു.