ഏറ്റുമാനൂർ: നഗരസഭാതിർത്തിയിലെ പ്രധാന നെൽവയലായ ചെറുവാണ്ടൂർ പാടശേഖരത്തിൽ കൃഷി പുനരാരംഭിക്കുന്നതിന് കളമൊരുങ്ങുന്നു. ചെറുവാണ്ടൂർ ചാലിലെ വ്യാപക കയ്യേറ്റത്തെ തുടർന്നു കൃഷി ചെയ്യാനാകാതെ വന്നതോടെ കർഷകർ വർഷങ്ങളായി പാടശേഖരം തരിശിട്ടിരിക്കുകയായിരുന്നു.ചാൽ കയ്യേറ്റത്തെ തുടർന്ന് നീരൊഴുക്ക് ഇല്ലാതായത് പാടശേഖരത്തിലെ കൃഷിക്ക് തടസമാകുക മാത്രമല്ല വലിയൊരു പ്രദേശത്ത് ശുദ്ധജല ക്ഷാമം ഉണ്ടാകുകയും ചെയ്തു.
മത്സ്യ മാർക്കറ്റിലേത് ഉൾപ്പെടെ നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും ഒഴുകിയെത്തുന്നത് ഈ പാടശേഖരത്തിലാണ്.ഇതോടെ നഗരസഭയിലെ ഈ പ്രധാനപ്പെട്ട ജല സ്രോതസ് മലിനമായി. ഒട്ടേറെ കിണറുകൾ ഉപയോഗശൂന്യമായി.ഈ സാഹചര്യത്തിൽ ഏതാനും സ്വകാര്യ വ്യക്തികൾ കയ്യേറിയ ചെറുവാണ്ടൂർ ചാൽ വീണ്ടെടുക്കുന്നതിനും പാടശേഖരം കൃഷിയോഗ്യമാക്കുന്നതിനുമുള്ള ശ്രമം ഏറ്റുമാനൂർ നഗരസഭ ആരംഭിക്കുകയായിരുന്നു.
രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന്റെ കൂടി പശ്ചാത്തലത്തിൽ നഗരസഭാധികൃതർ ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ച് കത്തു നൽകി.
തുടർന്ന് കഴിഞ്ഞ ദിവസം പാടശേഖരത്തിലെ കർഷകരുടെയും ജനപ്രതിനിധികളുടെയും യോഗം നഗരസഭാ ഹാളിൽ വിളിച്ചു ചേർത്തു. ചെറുവാണ്ടൂർ ചാൽ കൈവശം വച്ചിരിക്കുന്നവർ അത് അളന്നു തിരിക്കുന്നതിന് സമ്മതമാണെന്ന് അറിയിച്ചു.
യോഗത്തിലെ തീരുമാനമനുസരിച്ച് താലുക്ക് ഓഫീസുമായി ബന്ധപ്പെട്ട് നടപടികൾ ത്വരിതപ്പെടുത്തി അടുത്ത വർഷം തന്നെ പാടശേഖരത്തിൽ കൃഷിയിറക്കുന്നതിനുള്ള നടപടി സ്വീകരിക്കും.പാടശേഖരത്തിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ശുദ്ധീകരിക്കാൻ പാടശേഖരത്തിനോട് ചേർന്ന് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നതിന് നഗരസഭാ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
പ്ലാന്റ് നിർമാണത്തിനുള്ള നടപടികളും ത്വരിതപ്പെടുത്തും. പ്ലാൻറ് യാഥാർത്ഥ്യമാകുന്നതോടെ പ്ലാന്റിൽ ശുദ്ധീകരിക്കപ്പെടുന്ന വെള്ളം പാടശേഖരത്തിലെ കൃഷിക്ക് ഉപയോഗിക്കാനുമാകും.നഗരസഭാ ചെയർമാൻ ജോയി മന്നാ മല യോഗം ഉദ്ഘാടനം ചെയ്തു. കൗണ്സിലർ ജോയി ഉൗന്നുകല്ലേൽ അധ്യക്ഷത വഹിച്ചു. ജയശ്രീ ഗോപിക്കുട്ടൻ, പി എസ് വിനോദ്, ടോമി പുളിമാംതുണ്ടം, ബോബൻ ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.