ചെറുതോണി: ഭർത്താവിനെ ഏതാനും യുവാക്കൾചേർന്ന് മർദിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ക്രൂര മർദനം.
മുരിക്കാശേരി – തേക്കിൻതണ്ട് മുണ്ടക്കൽ ഷാജിയുടെ ഭാര്യ മോളിക്കാണ് മർദനമേറ്റത്. ഇവർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകുന്നേരം മോളി തൊഴിലുറപ്പ് ജോലികഴിഞ്ഞ് മടങ്ങിവരുന്പോൾ ഭർത്താവ് ഷാജിയെ അയൽവാസികളായ യുവാക്കൾചേർന്ന് മർദിക്കുന്നതാണ് കണ്ടത്.
മോളി തടസംപിടിച്ചപ്പോഴാണ് മർദനമേറ്റതെന്ന് പരാതിയിൽ പറയുന്നു. തലയിലും മുഖത്തും ക്ഷതമേറ്റ മോളി നിലത്തുവീഴുകയായിരുന്നു.
ഷാജി മുറിക്കാശേരി പോലീസിൽ പരാതിനൽകി. മുരിക്കാശേരിയിലെ സ്വയം സഹായ സംഘത്തിൽനിന്നും വായ്പയെടുത്തതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നു പറയുന്നു.
എന്നാൽ സംഭവം വസ്തുതാവിരുദ്ധമാണെന്നും തന്റെ പിതാവിനെ ഫോണിലൂടെ ഷാജി ചീത്തവിളിച്ചത് ചോദ്യംചെയ്യുക മാത്രമാണ് ഉണ്ടായതെന്നും സംഭവത്തിലെ എതിർകക്ഷി രാജേഷ് പറഞ്ഞു.
രാജേഷും സഹോദരൻ രജീഷും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുരിക്കാശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.