ലോക ചെസ്: ‘കരു’ത്തന്‍ കാള്‍സന്‍

calson1ടി.കെ. ജോസഫ് പ്രവിത്താനം

ലോകചെസിലെ ബുദ്ധിരാക്ഷസന്‍ കാള്‍സന്‍ തന്നെ. കരുക്കളുടെ കരുത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ കര്യാക്കിനുമാവില്ലെന്ന് കാള്‍സന്‍ ലോകത്തോടു വിളിച്ചുപറഞ്ഞു. ലോക ചെസ് ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍. ന്യൂയോര്‍ക്കില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ടൈബ്രേക് വിഭാഗത്തിലെ നാലു റാപിഡ് ഗെയിമുകളില്‍ രണ്ടെണ്ണം സമനില വഴങ്ങുകയും രണ്ടെണ്ണത്തില്‍ ജയിക്കുകയും ചെയ്താണ് ഗ്രാന്‍ഡ് മാസ്റ്റര്‍ കാള്‍സന്‍ ലോകകിരീടം നിലനിര്‍ത്തിയത്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഭാഗമായ 12 ക്ലാസിക്കല്‍ ഗെയിമുകളില്‍ ചലഞ്ചര്‍ സെര്‍ജി കര്യാക്കിനും കാള്‍സനും 6–6 എന്ന പോയിന്റില്‍ തുല്യനിലയിലായിരുന്നതിനാലാണ് മത്സരത്തിന്റെ രണ്ടാം ഭാഗമായ റാപിഡ് ഗെയിമുകള്‍ കളിക്കേണ്ടതായി വന്നത്. നാലു ഗെയിമുകളാണ് ഇതിലുള്ളത്. കാള്‍സന്റെ 26–ാം ജന്മദിനത്തിലെ ഈ വിജയം തുടര്‍ച്ചയായ മൂന്നാമത്തെ ലോക ചാമ്പ്യന്‍പട്ടമാണ് അദ്ദേഹത്തിനു നേടികൊടുത്തത്.

ടൈബ്രേക്കിലെ ആദ്യ റാപിഡ് ഗെയിമില്‍ വെള്ളക്കരുക്കളില്‍ റൂയി ലോപ്പസ് ഓപ്പണിംഗില്‍ കളിച്ച കര്യാക്കിനെതിരേ 37 നീക്കങ്ങള്‍ കൊണ്ട് കാള്‍സന്‍ സമനില നേടി. രണ്ടാം ഗെയിമില്‍ കാള്‍സന്‍, ഗി യുക്കോ പിയാനോ എന്ന പേരില്‍ അറിയപ്പെടുന്ന ഓപ്പണിംഗാണ് കളിച്ചത്. ഒരു റൂക്കിനു പകരം രണ്ടു ബിഷപ്പുകളെ നേടി മുന്‍തൂക്കം കൈവരിച്ച കാള്‍സനെതിരെ കര്യാക്കിന്‍ തന്ത്രപരമായി കളിച്ച് 84ാം നീക്കത്തില്‍ സ്‌റ്റെയില്‍മേറ്റാക്കി സമനില നേടി. മൂന്നാം ഗെയിമില്‍ വൈറ്റെടുത്ത് റൂയിലോപ്പസില്‍ കളിച്ച കര്യാക്കിനെതിരെ മിഡില്‍ ഗെയിമില്‍ കാള്‍സന്‍ മുന്‍തൂക്കം നേടി. 38–ാം നീക്കത്തില്‍ കര്യാക്കിന്‍ കളിച്ച ബ്ലഡ്ഡര്‍ നീക്കം മൂലം ഉടന്‍തന്നെ പരാജയം സമ്മതിക്കേണ്ടതായി വന്നു. നാലാം ഗെയിമില്‍ കര്യാക്കിന്‍ സിസിലിയന്‍ ഡിഫന്‍സാണ് പരീക്ഷിച്ചത്. മിഡില്‍ ഗെയിമില്‍ നൈറ്റിനും രണ്ടു പോണിനുമെതിരേ റൂക്കിനെ വെട്ടിയെടുത്ത കാള്‍സന്‍ കളിയില്‍ മുന്‍തൂക്കം നേടി. 50–ാം നീക്കത്തില്‍ ക്വീനിനെ ബലി കൊടുത്ത് കാള്‍സന്‍ ആ ഗെയിമിലും ലോക ചാ മ്പ്യന്‍ഷിപ്പിലും വിജയിയായി.

2013, 2014 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തിയാണ് കാള്‍സന്‍ചാമ്പ്യനായത്. ചെസിലെ ഇതിഹാസ താരമായിരുന്ന ഗാരി കാസ്പറോവിന്റെ തലത്തിലേക്ക് കാള്‍സന്‍ ഉയരുമെന്നു വിലയിരുത്തുന്നവരേറെയാണ്. 15 വര്‍ഷക്കാലമാണ് കാസ്പറോവ് ലോക ചെസിന്റെ അമരത്ത് വിരാജിച്ചത്. കാസ്പറോവിനേക്കാള്‍ റേറ്റിംഗ് കൂടുതല്‍ നേടിയ താരമാണ് കാള്‍സന്‍.

ബ്ലിറ്റ്‌സ് ഫോര്‍മാറ്റുകളില്‍ 2010 മുതല്‍ അനിഷേധ്യതാരമാണ് കാള്‍സന്‍. ഈ വര്‍ഷംതന്നെ അദ്ദേഹം നിരവധി ബ്ലിറ്റ്‌സ് ടൂര്‍ണമെന്റുകളില്‍ വിജയിയായിട്ടുണ്ട്. ബ്ലിറ്റ്‌സ്, റാപ്പിഡ്, ക്ലാസിക് എന്നീ മൂന്നു വിഭാഗങ്ങളിലും കാള്‍സന്‍ ഒരുപോലെ മികവു പുലര്‍ത്തുന്നു.പത്തു ലക്ഷം യൂറോയാണ് ചാമ്പ്യന്‍ഷിപ്പിലെ സമ്മാനത്തുക. 55–45 ശതമാന ക്രമത്തിലാണ് സമ്മാനത്തുക വീതിക്കുക.

Related posts