cheജിസ്മോൻ മാത്യു, ഇന്റർനാഷണൽ ആർബിറ്റർ
ബുഡാഫെസ്റ്റിൽ നടക്കുന്ന 45-ാം ചെസ് ഒളിന്പ്യാഡിന്റെ വിശ്രമ ദിനത്തിലേക്ക് കടക്കുന്പോൾ, ഇന്ത്യ ഇരു വിഭാഗങ്ങളിലും കളിച്ച എല്ലാ റൗണ്ട് മത്സരങ്ങളും വിജയിച്ച് ഏകപക്ഷീയമായ ലീഡിൽ എത്തി. ആറാം റൗണ്ടിൽ പുരുഷന്മാർ ആതിഥേയരായ ഹംഗറിയെ 3-1 തോൽപ്പിച്ചപ്പോൾ ടോപ് സീഡ് വനിതകൾ അർമേനിയയെ 2.5-1.5 നു പരാജയപ്പെടുത്തി.
അർജുൻ എറിഗാസിയാണു വീണ്ടും പുരുഷന്മാരുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഗുകേഷും പ്രഗ്നാനന്ദയും യഥാക്രമം റിച്ചാർഡ് റപോർട്ടിനോടും പീറ്റർ ലീക്കോയോടും ആദ്യ രണ്ടു ബോർഡുകളിൽ സമനില വഴങ്ങിയപ്പോൾ, മൂന്നാം ബോർഡിൽ ഇന്ത്യക്കു വിജയം ആവശ്യമായി വന്നു.
സനൻ ഡിജുഗിരൊവിനെയാണ് അർജുൻ പരാജയപ്പെടുത്തിയത്. അർജുന്റെ തുടർച്ചയായ ആറാമത്തെ വിജയമാണിത്. ബെഞ്ചമിൻ ഗ്ലാഡ്രക്കെതിരേയാണു വിഡിറ്റ് ഗുജറാത്തി വിജയം നേടിയത്
മൂന്നാം ബോർഡിൽ എലീന ഡാനിയേലിയനെതിരേ ദിവ്യ ദേശ്മുഖിന്റെ വിജയം വ്യത്യസ്തമായിരുന്നു. ഒന്നാം ബോർഡിൽ, ഡി. ഹരികിയയെ ലിലിറ്റ് മക്റ്ചിയൻ സമനിലയിൽ തളച്ചു, ആർ. വൈശാലിയും മറിയം മക്റ്ച്യനുമായി സമനിലയിൽ പിരിഞ്ഞു. താനിയ സച്ച്ദേവും അന്ന സർഗ്സ്യാനും തമ്മിലുള്ള നാലാമത്തെ ബോർഡ് ഏറ്റുമുട്ടലിലും സമനിലയായിരുന്നു ഫലം.
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ഏഴാം റൗണ്ടിൽ ഇന്ത്യയുടെ പുരുഷന്മാരും വനിതകളും കരുത്തരായ എതിരാളികളെയാണു നേരിടുന്നത്. പുരുഷന്മാർ, നിലവിലെ ലോകചാന്പ്യൻ ഡിൻ ലെറിന്റെ നേതൃത്വത്തിലുള്ള മൂന്നാം സ്വീഡ് ചൈനയെയും, വനിതകൾ ഏറ്റവും കരുത്തരായ ജോർജിയയെയും നേരിടും.