തൃശൂർ: എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ചെസ് കളിക്കാർ മാത്രം! ചങ്ങന്പുഴയുടെ കവിതയെ മരോട്ടിച്ചാലിലെത്തുന്ന ഒരാൾ ഇങ്ങനെ വരിമാറ്റിയെഴുതിയാൽ അല്പംപോലും അന്പരക്കേണ്ടതില്ല. അര നൂറ്റാണ്ടിലേറെയായി ചതുരംഗക്കളങ്ങൾക്കു മുന്‍പിലാണ് ഈ നാട് ഉറങ്ങിയുണരുന്നത്.
എഴുപതുകളിൽ മദ്യത്തിൽ മുങ്ങിയാണ്ടുപോയ ഗ്രാമത്തെ ഉണർവിന്റെ പുലരികളിലേക്കു തിരിച്ചെത്തിച്ചത് ചതുരംഗത്തിന്റെ മാന്ത്രികക്കളങ്ങളിലൂടെയാണ്. വ്യക്തിയിലും സമൂഹത്തിലും ചെസ് എന്തു മാറ്റമുണ്ടാക്കുമെന്ന് അറിയണമെങ്കിൽ ഈ ഗ്രാമത്തിലെത്തണം.
ചെസിനെ ജീവിതലഹരിയാക്കിയ ഉണ്ണിമാമൻ എന്ന സി. ഉണ്ണികൃഷ്ണന്റെ ദീർഘവീക്ഷണവും ഇതിനു പിന്നിലുണ്ട്. എഴുപതുകളിലെ അനധികൃത മദ്യനിർമാണത്തിന്റെ കേന്ദ്രമെന്ന കുപ്രസിദ്ധിയിൽനിന്നു ലോക ചെസ് ഭൂപടങ്ങളിൽ ഇടംപിടിക്കുന്നതിലേക്കു വളർന്നിരിക്കുന്നു മരോട്ടിച്ചാൽ എന്ന കുഞ്ഞുഗ്രാമം.
ചെറുകവലകളിലെ കടത്തിണ്ണകൾ തുടങ്ങി ചതുരംഗക്കളങ്ങൾ നിറയാത്ത ഇടമില്ല ഇന്നു മരോട്ടിച്ചാലിൽ. നാലാൾ കൂടുന്നിടത്തെല്ലാം ചെസ് ബോർഡുകൾ നിരന്നു. കളിക്കാരേക്കാൾ കൂടുതൽ കാഴ്ചക്കാരുണ്ടായി. ഈ മാറ്റത്തിനു തുടക്കമിട്ടത് ഉണ്ണികൃഷ്ണനാണ്. തലോരിലെത്തി ചെസ് കളിക്കാൻ പഠിച്ച ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ 1975 മുതൽ ടൂർണമെന്റുകൾ ആരംഭിച്ചു.
1985ൽ ചെസിൽ പ്രായോഗിക പരിശീലനം നൽകാൻ അദ്ദേഹംതന്നെ നേരിട്ടിറങ്ങി. മരോട്ടിച്ചാൽ സെന്ററിൽ ഇദ്ദേഹം തുടങ്ങിയ ചായക്കട അന്നുമിന്നും ചെസിന്റെ കേന്ദ്രമാണ്. ചായകുടിക്കുന്നവരെക്കാൾ കൂടുതൽ ചെസ് കളിക്കുന്നവർ. ചെസ് ലഹരിയായി പടർന്നതോടെ ഗ്രാമം മദ്യമുക്തമായി. ഇന്നിവിടെ മൂന്നിൽ രണ്ടു പേരും ചെസ് അറിയുന്നവരാണ്.
നാട്ടുകാരുടെ ചെസിനോടുള്ള ഭ്രമമറിഞ്ഞ് വിദേശികളടക്കം ഇവിടെയെത്തി. ബിബിസി മുതൽ ഡിസ്കവറി ചാനൽവരെ മരോച്ചിച്ചാലിലേക്കു കാമറകൾ തിരിച്ചു. നിരവധി ഡോക്യുമെന്ററികളിലൂടെ ഈ ഗ്രാമത്തിന്റെ കഥ ലോകമറിഞ്ഞു.
ഒരേസമയം ആയിരത്തിലധികംപേരെ പങ്കെടുപ്പിച്ച ടൂർണമെന്റ് ഏഷ്യൻ റിക്കാർഡും ഭേദിച്ചു. ഓസ്ട്രേലിയയുടെ തെക്കുകിഴക്കുള്ള കൊച്ചു ദ്വീപുരാജ്യമായ സോളമണ്‍ ഐലൻഡ് മരോട്ടിച്ചാൽ ചെസ് ഗ്രാമത്തോടുള്ള ആദര സൂചകമായി സ്റ്റാന്പും പുറത്തിറക്കി. ഇന്ത്യയിലുള്ളത്ര ഗ്രാൻഡ് മാസ്റ്റർമാർ പത്തുലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള സോളമണ്‍ ഐലൻഡിലുണ്ട് എന്നറിയുന്പോൾ അവർ ചെസിനു നൽകുന്ന പ്രാധാന്യം മനസിലാകും.
അമേരിക്ക, ഫ്രാൻസ്, ജർമനി, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നു മരോട്ടിച്ചാലിനെപ്പറ്റി പഠിക്കാൻ ആളുകളെത്തി. മരോട്ടിച്ചാലിലെ ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാന്ദാമംഗലം സെന്റ് ജോസഫ്സ് ഹൈസ്കൂളും മരോട്ടിച്ചാൽ എയുപി സ്കൂളും ചെസ് പഠനത്തിന്റെ ഭാഗമായി. ആരുടെയും സഹായം ലഭിക്കാതെയാണ് ഒരു ഗ്രാമം ഒറ്റക്കെട്ടായി ചെസിനെ പുണർന്നതും വളർത്തിയതും.
കോവിഡിനുശേഷം പൊതുവേദികൾക്കുപകരം ഓണ്‍ലൈനിലേക്കു മാറിയെന്നതൊഴിച്ചാൽ ഇന്നും ഇവിടത്തെ കളികൾക്കു മാറ്റമില്ല. പതിനാലുകാരനായ ഗൗരീശങ്കർ, കാൾസണെപ്പോലുള്ള പ്രഗല്ഭരുമായാണ് ഓണ്‍ലൈനിൽ ഏറ്റുമുട്ടുന്നത്. ചെസ് കളിയുടെ പ്രാഥമിക പാഠങ്ങളും പ്രായോഗിക പരിശീലനവും നടത്താൻ റഫറൻസ് ലൈബ്രറിയോടുകൂടിയ ചെസ് അക്കാദമി സ്ഥാപിക്കണമെന്നതാണ് ഉണ്ണികൃഷ്ണൻ അടക്കമുള്ളവരുടെ ആഗ്രഹം.
ഈയടുത്ത ദിവസങ്ങളിലും ആയിരങ്ങളെ പങ്കെടുപ്പിച്ചു മത്സരം നടത്താൻ പദ്ധതിയുണ്ടായിരുന്നു. കനത്ത മഴയെത്തുടർന്നു മാറ്റിവച്ച മത്സരം വൈകാതെ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉണ്ണികൃഷ്ണനും നാട്ടുകാരും.
സി.എസ്. ദീപു