ബുഡാപെസ്റ്റ്: ചരിത്രത്തിലെ ഏറ്റവും ശക്തമായ ടീമുകളുമായി 45-ാം ചെസ് ഒളിന്പ്യാഡിനു ഹംഗറിയിലെ ബുഡാപെസ്റ്റിൽ എത്തിയ ഇന്ത്യൻ ടീമുകൾക്ക് ആദ്യ റൗണ്ടിൽ ആധികാരികജയം. ഓപ്പണ്‍ വിഭാഗത്തിൽ രണ്ടാം സ്വീഡായ ഇന്ത്യ, മൊറോക്കോയെയും വനിതാ വിഭാഗത്തിൽ ജമൈക്കയെയുമാണ് ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയത്.
ഇന്ത്യയുടെ പുരുഷന്മാർ 4-0 നു വിജയിച്ചപ്പോൾ, വനിതകളുടെ വിജയം 3.5-0.5 നായിരുന്നു. പുരുഷന്മാരിൽ ഇന്ത്യയുടെ ഒന്നാം ബോർഡിൽ, പ്രഗ്നാനന്ദ ടീസിർ മുഹമ്മദിന്റെ സിസിലിയൻ ഡിഫൻസിനെ തകർത്തു ജയം നേടി.
രണ്ടാം ബോർഡിൽ എറിഗാസി അർജുൻ എൽബിലിയ ജാക്വസ്റ്റ് പോരാട്ടം നിംസൊ ഇന്ത്യൻ ഡിഫൻസ് സെന്റ് പീറ്റേഴ്സ്ബർഗ് ഫിഷർ വേരിയേഷൻ ആയിരുന്നു. അതിൽ അർജുൻ വിജയം കണ്ടെത്തിയത് 40 നീക്കങ്ങളിലും. മൂന്നാം ബോർഡിൽ വിഡിറ്റ് സന്തോഷ് ഗുജറാത്തി ക്വാഖിർ മെഹ്ദിയെയും നാലാം ബോർഡിൽ ഹരികൃഷ്ണ മൊയാട് അനസ്നെയുമാണ് തോൽപ്പിച്ചത്.
വനിതകളിൽ ഇന്ത്യക്കുവേണ്ടി വൈശാലി ക്ലാർക്ക് അഡാനിയെയും ദിവ്യ ദേശ്മുഖ് മില്ലർ റേച്ചിലിനെയും ടാനിയാ സച്ദേവ് വാട്സണ് ഗബ്രിയേലായെയും തോൽപ്പിച്ചു. മൂന്നാം ബോർഡിൽ വന്ദിക അഗർവാൾ തന്നെക്കാൾ 460 റേറ്റിംഗ് പോയിന്റ് കുറഞ്ഞ ബ്രൗണ്‍ രഹാനെയോട് സമനിലയിൽ പിരിഞ്ഞു.
തയാറാക്കിയത്: ജിസ്മോൻ മാത്യു